100 ദിനങ്ങൾ; 18,000 കോളുകൾ: മാതൃകയായി കൊവിഡ് കോൾ സെന്റർ
തിരുവനന്തപുരം: കൊവിഡ്19 പ്രതിരോധത്തിനായി സജ്ജീകരിച്ച സംസ്ഥാന കൊവിഡ് കോൾ സെന്റർ 100 ദിവസങ്ങൾ പിന്നിട്ടു. ചൈനയിലെ വുഹാനിൽ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആരംഭിച്ച കൺട്രോൾ റൂമിന്റെ ഭാഗമായാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ സജ്ജമാക്കിയത്. ഇതുവരെ 18,000 ലധികം കോളുകളാണ് കോൾ സെന്ററിലെത്തിയത്.രോഗികളുടെ എണ്ണം കൂടിയതോടെ കോൾ സെന്ററിന്റെ പ്രവർത്തനം വിപുലീകരിച്ചു. 45 ഓളം ജെ.എച്ച്.ഐ വിദ്യാർത്ഥികൾക്കും നഴ്സിംഗ് വിദ്യാർത്ഥികൾക്കും പരിശീലനം നൽകി. ഇപ്പോൾ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെയും എൻ.എച്ച്.എമ്മിലെയും പബ്ലിക് ഹെൽത്ത് ട്രെയിനിംഗ് സ്‌കൂളിലെയും ജീവനക്കാരെ കൂടി ഉൾപ്പെടുത്തിയാണ് കോൾ സെന്റർ പ്രവർത്തിക്കുന്നത്.പ്രതിദിനം 600ലധികം കോളുകൾ വരെ 0471- 2309250, 2309251, 2309252, 2309253, 2309254, 2309255 എന്നീ നമ്പറുകളിലേക്ക് എത്താറുണ്ട്.