ആരോഗ്യസേതു : ഹൈക്കോടതിയിൽ ഹർജി
Wednesday 06 May 2020 1:12 AM IST
കൊച്ചി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ ഹൈക്കോടതിയിൽ ഹർജി നൽകി. ആരോഗ്യസേതു എന്ന മൊബൈൽ ആപ്ളിക്കേഷന്റെ ഉപയോഗം നിർബന്ധമാക്കണമെന്നു വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഇതു പാലിച്ചില്ലെങ്കിൽ ശിക്ഷാനടപടി സ്വീകരിക്കാമെന്നും മേയ് ഒന്നിലെ നിർദേശത്തിൽ പറയുന്നു. വ്യക്തികളുടെ അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്നും രാജ്യത്ത് എല്ലാവരും സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്നുപോലും നോക്കാതെയാണ് മൊബൈൽ ആപ്പ് നിർബന്ധമാക്കുന്നതെന്നും ഹർജിയിൽ പറയുന്നു.