വിദേശത്ത് നിന്ന് യാത്ര പുറപ്പെടും മുമ്പ് പരിശോധന വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് പരിശോധനയില്ലാതെയാണ് വിദേശരാജ്യങ്ങളിൽ നിന്ന് വിമാനങ്ങളിൽ ആളുകളെ ഇങ്ങോട്ട് കയറ്റിവിടുന്നത് എന്നാണ് കേന്ദ്രസർക്കാർ അറിയിച്ചതെന്നും ഇത് വലിയ അപകടം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകവ്യാപകമായി അംഗീകരിക്കപ്പെട്ട സുരക്ഷാമാനദണ്ഡങ്ങളിൽ ഇളവ് പാടില്ല.വിദേശങ്ങളിൽ നിന്നുള്ള നമ്മുടെ സഹോദരങ്ങൾ നാട്ടിലെത്തേണ്ടത് പ്രധാനമാണ്. എന്നാൽ ആളുകളെത്തുമ്പോൾ കൊവിഡ് വ്യാപനം തടയുക എന്ന പ്രധാന ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാനാവില്ല. ലോകം അംഗീകരിച്ച ആരോഗ്യ സുരക്ഷമാനാദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണ്. അതിനാൽ പ്രത്യേക വിമാനങ്ങളിൽ തിരിച്ചെത്തിക്കുന്നവരെ യാത്ര ആരംഭിക്കും മുമ്പ് പരിശോധിക്കാനും പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു.ഒരു വിമാനത്തിൽ 200 പേരുണ്ടാവും. ഒന്നോ രണ്ടോ പേർക്ക് വൈറസ് ബാധയുണ്ടെങ്കിൽ യാത്രക്കാർ മുഴുവൻ പ്രശ്നത്തിലാവും .രാജ്യത്തൊട്ടാകെ വിമാനങ്ങളിലെത്തുന്നവർക്ക് ഇത് ബാധകമായതിനാൽ എല്ലായിടവും ഇത് രോഗവ്യാപനസാദ്ധ്യത വർദ്ധിപ്പിക്കും. വിമാനങ്ങളിൽ അടച്ചിട്ട യാത്രയായത് കൊണ്ടുതന്നെ വൈറസ് വ്യാപനസാദ്ധ്യത കൂടുതലാണ്. നേരത്തേ ഇറ്റലിയിലും ഇറാനിലും നിന്ന് ആളുകളെ നാട്ടിലെത്തിച്ചപ്പോൾ ഇന്ത്യൻ മെഡിക്കൽസംഘം അവിടെയെത്തി പരിശോധന നടത്തിയിരുന്നു.