വയനാട്ടിൽ മൂന്നു പേർക്കുകൂടി കൊവിഡ്, നിലവിലെ രോഗബാധിതരുടെ എണ്ണം 37

Wednesday 06 May 2020 12:06 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മൂന്നു പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. മൂന്നും വയനാട്ടിലാണ്. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് ‌രോഗം ബാധിച്ചത്.

ചെന്നൈയിൽ പോയിവന്ന വാഹനത്തിന്റെ ഡ്രൈവർക്ക് നേരത്തെ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ അമ്മയ്ക്കും ഭാര്യയ്ക്കും വാഹനത്തിന്റെ ക്ലീനറുടെ മകനുമാണ് രോഗബാധ കണ്ടെത്തിയത്. ആരും ഇന്നലെ രോഗമുക്തി നേടിയില്ല. തുടർച്ചയായ രണ്ടു ദിവസം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്നെങ്കിലും ആശ്വാസം ശാശ്വതമല്ലെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഇന്നലത്തെ കണക്ക്.

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിതർ- 502

രോഗമുക്തി നേടിയവർ-462

ആശുപത്രികളിൽ ചികിത്സയിലുള്ളത് -37

ആകെ മരണം-3

ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്- 86

നിരീക്ഷണത്തിലുള്ളത്-21,342

ആശുപത്രികളിൽ ആകെയുള്ളത്- 308

ഹോട്ട് സ്‌പോട്ട്

സംസ്ഥാനത്ത് തിങ്കളാഴ്ച പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ ഇന്നലെ പുതിയ ഹോട്ട് സ്‌പോട്ടുകൾ ഇല്ല. എന്നാൽ വയനാട്ടിൽ കൂടുതൽ സ്ഥലങ്ങളെ ഇന്ന് ഹോട്ട്‌സ്പോട്ടിൽ ഉൾപ്പെടുത്തും. നിലവിൽ സംസ്ഥാനത്ത് 84 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.