ബ്യൂട്ടീഷ്യന്റെ കൊലപാതകം: ആഭരണങ്ങളും മൺവെട്ടിയും കണ്ടെത്തി
പാലക്കാട്: കൊല്ലം മുഖത്തല നടുവിലക്കര സ്വദേശിനിയായ ബ്യൂട്ടീഷ്യൻ സുചിത്ര പിള്ളയെ (42) കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതി കോഴിക്കോട് ചങ്ങരോത്ത് പ്രശാന്തുമായി (32) പൊലീസ് നടത്തിയ തെളിവെടുപ്പിൽ ആഭരണങ്ങളും മൃതദേഹം കുഴിച്ചിടാനുപയോഗിച്ച മൺവെട്ടിയും കണ്ടെടുത്തു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സമീപത്തെ കാടുകയറിയ പാടത്ത് തെരച്ചിൽ നടത്തിയെങ്കിലും കാലുകൾ മുറിച്ചുമാറ്റാൻ ഉപയോഗിച്ച കത്തി കണ്ടെത്താനായില്ല.
യുവതിയെ മാർച്ച് 20 മുതൽ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ കൊട്ടിയം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തുടർന്ന് പാലക്കാട് മണലിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന സംഗീതാദ്ധ്യാപകൻ പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഏപ്രിൽ 29നാണ് മണലി ശ്രീറാം നഗറിലെ വീടിന് സമീപത്തെ വയലിൽ കുഴിച്ചിട്ട ജഡം പുറത്തെടുത്തു ഇന്നലെ ഉച്ചയോടെയാണ് തെളിവെടുപ്പ് നടത്തിയത്. സുചിത്രയുടെ ആഭരണങ്ങൾ വീടിന് മുൻവശത്തെ മതിലിന്റെ വിടവിൽ പ്ലാസ്റ്റിക് കവറിലും മൺവെട്ടി കോളനിയിലെ അംഗൻവാടിക്ക് പിന്നിലെ പൊന്തക്കാട്ടിലുമാണ് ഉപേക്ഷിച്ചിരുന്നത്. മൃതദേഹം കത്തിക്കാനായി പെട്രോൾ വാങ്ങിയെന്ന് കരുതുന്ന കാൻ രാമാനാഥപുരം തോട്ടുപാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. കത്തി കണ്ടെടുക്കാനായി വീണ്ടും പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.