പ്രവാസികൾക്കായി മൂന്ന് ആപ്പും 207 ആശുപത്രികളും

Thursday 07 May 2020 12:52 AM IST

തിരുവനന്തപുരം: വിദേശത്തു നിന്നെത്തുന്ന മലയാളികൾക്കായി മൂന്ന് മൊബൈൽ ആപ്പുകളും ചികിത്സിക്കാൻ 207 ആശുപത്രികളുമായി ആരോഗ്യവകുപ്പ്. തിരുവനന്തപുരത്ത് 'കരുതൽ' ആപ്, എറണാകുളത്ത് 'ആയുർരക്ഷാ' ആപ്, കോഴിക്കോട്ട് 'ആഗമനം' ആപ് എന്നിങ്ങനെയാണ് ആപ്പുകൾ. നോർക്ക വഴി രജിസ്റ്റർ ചെയ്‌തവരുടെ പൂർണ വിവരം ആപ്പുകളിൽ ലഭിക്കും. ക്യുആർ കോഡ് വഴി ഇവരെപ്പറ്റിയുള്ള വിവരങ്ങൾ അറിയാനും വേഗത്തിൽ നടപടി പൂർത്തിയാക്കാനും ഇവരെ കണ്ടെത്താനും ഇതിലൂടെ കഴിയും.

ഇരിപ്പ് സിഗ്സാഗായി

എല്ലാവരേയും മാസ്‌ക് ധരിപ്പിച്ച് സിഗ്സാഗ് പാറ്റേണിലാണ് വിമാനത്തിലിരുത്തുക. ഇറങ്ങുന്നതിന് 45 മിനിറ്റ് മുമ്പ് എയർപോർട്ടിലും ക്വാറന്റൈനിലും പാലിക്കേണ്ട കാര്യങ്ങളുടെ അനൗൺസ്‌മെന്റുണ്ടാവും. സെൽഫ് റിപ്പോർട്ട് ഫോർമാറ്റും പൂരിപ്പിച്ച് ഹെൽപ് ഡെസ്‌കിൽ നൽകണം.15 മുതൽ 20 പേരെ ഒരു മീറ്റർ അകലം പാലിച്ച് ഒരേ സമയം വിമാനത്തിൽ നിന്നിറക്കും

പനി നോക്കാൻ ഹെൽപ് ഡെസ്‌ക്

ഒരു വിമാനത്താവളത്തിൽ നാലു മുതൽ 15 ഹെൽപ് ഡെസ്‌ക് വരെയുണ്ടാകും.എയ്‌റോ ബ്രിഡ്ജിൽ വച്ച് താപനില പരിശോധിച്ച് പനിയുണ്ടെങ്കിൽ അവരെ ഐസൊലേഷൻ ബേയിലേക്കും ഇല്ലെങ്കിൽ ഹെൽപ് ഡെസ്കിലേക്കും അയയ്ക്കും. ഒരു ഹെൽപ് ഡെസ്‌കിൽ ഒരു ഡോക്ടർ, ഒരു സ്റ്റാഫ് നഴ്സ് അല്ലെങ്കിൽ ഫീൽഡ് സ്റ്റാഫ്, സന്നദ്ധ പ്രവർത്തകൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരുണ്ടാകും. രോഗലക്ഷണങ്ങളില്ലാത്തവരെ ഗൈഡിങ് സ്റ്റേഷനിലെത്തിച്ച് അവരുടെ ലഗേജുകൾ അണുവിമുക്തമാക്കി ക്വാറന്റൈൻ കേന്ദ്രങ്ങളിലെത്തിക്കും. ഐസലേഷൻ ബേയിലുള്ളവരെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലും.