ഇതുവരെ വിജയം; ഇനി കഠിനാദ്ധ്വാനം

Thursday 07 May 2020 12:00 AM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തിന് ഇതുവരെ വിജയിക്കാനായെങ്കിലും ഇനിയുള്ളത് കഠിനാദ്ധ്വാനത്തിന്റെ നാളുകളാണെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തൽ.

വിദേശത്തും അന്യസംസ്ഥാനങ്ങളിലും നിന്ന് ആളുകളെത്തുന്ന സാഹചര്യത്തിൽ കൂടുതൽ കരുതലോടെയുള്ള നീക്കങ്ങൾ വേണം. രോഗവ്യാപന സാദ്ധ്യത പൂർണമായി അടഞ്ഞിട്ടില്ലെന്നതിനാൽ കർശന നടപടികളിലൂടെ പ്രതിസന്ധി നേരിടണം. സർക്കാരിന്റെ മുഴുവൻ സന്നാഹങ്ങളും ഇതിന് വിനിയോഗിക്കും.

അന്യസംസ്ഥാനങ്ങളിലെ പല പ്രമുഖ നഗരങ്ങളിലും സമൂഹവ്യാപനമുള്ളതിനാൽ അവിടങ്ങളിലെ ഹോട്ട്സ്പോട്ടുകളിൽ നിന്നുള്ളവർ കേരളത്തിലെത്തുമ്പോൾ രോഗം വ്യാപിക്കാം. വിദേശമലയാളികളും ഇതിനൊപ്പം എത്തുകയാണെങ്കിലും ആശങ്ക വേണ്ട. ക്വാറന്റൈൻ ശക്തിപ്പെടുത്തിയും മറ്റ് കർശന നടപടികളിലൂടെയും ഇത് മറികടക്കാനാവുമെന്ന ആത്മവിശ്വാസം യോഗത്തിൽ മുഖ്യമന്ത്രി പ്രകടിപ്പിച്ചു.

കണ്ണൂർ വിമാനത്താവളം വഴിയും പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രാനുമതിയുള്ളതായി ഇപ്പോൾ അറിയിപ്പ് കിട്ടിയിട്ടുണ്ട്. പ്രവാസികളെ പുറപ്പെടുന്ന സ്ഥലത്ത് നിന്ന് പരിശോധിച്ച ശേഷമേ വിമാനത്തിൽ കയറ്റാവൂ എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അത് അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വെറും സ്കാനർ വച്ചുള്ള പരിശോധനയാണെങ്കിൽ ഇവിടെയെത്തുമ്പോൾ വിമാനത്താവളത്തിൽ കർശന പരിശോധന വേണ്ടിവരും. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ധാരാളം മലയാളികളുള്ളതിനാൽ അവിടെ കൊവിഡ് വ്യാപിക്കുന്നത് കേരളത്തിന് ഭീഷണിയാണ്. അതിർത്തികളിലുള്ള സ്ക്രീനിംഗും കർശനമാക്കും.

പ്രവാസി ക്വാറന്റൈൻ ദിവസത്തിൽ ഭിന്നത

വിദേശത്ത് നിന്നെത്തുന്നവരെ 14 ദിവസം സർക്കാർ ക്വാറന്റൈനിൽ വിടണമെന്നാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ, സംസ്ഥാനത്തെ സവിശേഷ സാഹചര്യത്തിൽ ഏഴ് ദിവസം സർക്കാർ ക്വാറന്റൈനിലും പി.സി.ആർ പരിശോധനാഫലം നെഗറ്റീവായാൽ തുടർന്നുള്ള ഏഴ് ദിവസം വീട്ടിലെ ക്വാറന്റൈനിലുമെന്ന നിർദ്ദേശമാണ് കേന്ദ്രത്തെ അറിയിച്ചത്. അതേസമയം, ഏഴ് ദിവസം അപര്യാപ്തമാണെന്ന അഭിപ്രായം മന്ത്രിസഭായോഗത്തിലുണ്ടായി. എന്നാൽ, 14 ദിവസം എല്ലാവർക്കും സർക്കാർ ക്വാറന്റൈനിൽ വിടുമ്പോൾ ഭക്ഷണം, മരുന്ന് തുടങ്ങിയവയ്ക്കെല്ലാം പണം കണ്ടെത്തേണ്ട വലിയ ബാദ്ധ്യതയാകുമെന്ന് യോഗം വിലയിരുത്തി.