സ്‌പെഷ്യൽ സ്‌ക്വാഡ് എസ്.ഐ ചമഞ്ഞ് പണം തട്ടിപ്പ്: യുവാവ് പിടിയിൽ

Thursday 07 May 2020 12:38 AM IST

കിഴക്കമ്പലം: സ്‌പെഷ്യൽ സ്‌ക്വാഡ് എസ്.ഐ ചമഞ്ഞ് വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ഓൺലൈൻ ടാക്‌സിഡ്രൈവറെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ തിരുവനന്തപുരം പൗഡിക്കോണം ഉളിയത്തറ സൂര്യനഗറിൽ ശ്രീജിത്തിനെ (36) അമ്പലമേട് പൊലീസ് അറസ്​റ്റുചെയ്തു.

2018ൽ ഓൺലൈൻ ടാക്‌സിയിൽ യാത്രക്കാരനായി കയറി ഡ്രൈവറുമായി പരിചയപ്പെട്ടാണ് തട്ടിപ്പുനടത്തിയത്. വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് 54,000 രൂപയും പാസ്‌പോർട്ടും സർട്ടിഫിക്ക​റ്റുകളും കൈവശപ്പെടുത്തി മുങ്ങുകയായിരുന്നു. പിന്നീട് ഇയാളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. ഏറെനാൾ കാത്തിരുന്നശേഷം ജോലിയോ സർട്ടിഫിക്കറ്റകളോ തിരികെ ലഭിക്കാതെ വന്നതോടെ ഡ്രൈവർ നൽകിയ പരാതിയിലാണ് ഇപ്പോൾ പ്രതി പിടിയിലായത്.

പോണേക്കരയിലുള്ള ഇയാളുടെ താമസസ്ഥലത്തുനിന്ന് വ്യാജസീലുകളും അഞ്ച് പാസ്‌പോർട്ടുകളും വ്യാജ സർട്ടിഫിക്ക​റ്റുകളും കണ്ടെടുത്തു. ഇയാൾ മൂന്ന് വിവാഹം കഴിച്ചതായും സമാനരീതിയിൽ ഒട്ടേറെ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

കേസന്വേഷണത്തിന് പൊലീസ് ഇൻസ്‌പെക്ടർ ലാൽ.സി.ബേബി, സബ് ഇൻസ്‌പെക്ടർ ഷെബാബ്.കെ.കാസിം, സിവിൽ പൊലീസ് ഓഫീസർമാരായ എം.പി.ഏലിയാസ്, വി.കെ. ജയകുമാർ, പി.കെ.സുമേഷ് എന്നിവർ നേതൃത്വം നൽകി.