തോട്ടിൽ വീണ രണ്ടരവയസുകാരനും, രക്ഷിക്കാനിറങ്ങിയ അമ്മയും മുങ്ങിമരിച്ചു
കോട്ടയം: മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ തോട്ടിൽ വീണ രണ്ടരവയസുകാരനും രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മുങ്ങി മരിച്ചു. കടുത്തുരുത്തി കോതനല്ലൂർ കുഴിയാഞ്ചാലിൽ വലിയകുളത്തിൽ അനീഷ് സാബുവിന്റെ ഭാര്യ ഓബി ബാബു (34) , മകൻ അദ്വൈതുമാണ് (രണ്ടര) ദാരുണമായി മരിച്ചത്. മാതൃദിനമായ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഇവരുടെ വീടിനു പിന്നിലായാണ് തോട്.
ഓബിയുടെ ഭർത്താവ് കിണർ നിർമ്മാണ തൊഴിലാളി അനീഷ് പണിക്കു പോയിരിക്കുകയായിരുന്നു. ഓബി കുളിക്കാൻ കയറിയ സമയം കുട്ടി വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നുവെന്നും കുളികഴിഞ്ഞ് പുറത്തേക്കു വന്ന ഓബി തോട്ടിൽ മുങ്ങിത്താഴുന്ന കുട്ടിയെ കണ്ട് രക്ഷിക്കുന്നതിനായി തോട്ടിൽ ചാടിയെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാലരയോടെ അയൽവാസികളാണ് ഓബിയുടെ മൃതദേഹം തോട്ടിൽ കണ്ടത്. തുടർന്ന് പൊലീസിൽ അറിയിച്ചു. പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് പുറത്തെടുത്ത മൃതദേഹങ്ങൾ ഇൻക്വസ്റ്റിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. സംസ്‌കാരം പിന്നീട്.