ലോക്ക് ഡൗണിനിടെ പ്ലസ് ടു മൂല്യനിർണയത്തിൽ ആശങ്ക

Monday 11 May 2020 12:00 AM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ തീരുന്നതിനു മുമ്പ്, 13 ന് ഹയർസെക്കൻഡറി മൂല്യനിർണയം ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിൽ അദ്ധ്യാപകർ ഭീതിയിൽ. കൊവിഡ് പശ്ചാത്തലത്തിൽ നൂറുകണക്കിനു പേർ ഒരിടത്ത് കൂടിച്ചേരുന്നത് ആരോഗ്യസുരക്ഷാ പ്രശ്നമുണ്ടാക്കുമെന്നാണ് ആശങ്ക. ഒരു കേന്ദ്രത്തിൽ 400 ലധികം അദ്ധ്യാപകർ പല ഗ്രൂപ്പുകളിലായിരുന്നാണ് മൂല്യനിർണയം . ഒരു ബെഞ്ചിൽ രണ്ട് പേരെന്ന കണക്കിൽ ഒരു ക്ലാസ് മുറിയിൽ മുപ്പതോളം പേരുണ്ടാകും. ഇടയ്ക്ക് മീറ്റിംഗുകളും ചേരേണ്ടി വരും. വ്യക്തി അകലം പാലിക്കാനും കൂടിച്ചേരലുകൾ ഒഴിവാക്കാനും സാധിക്കില്ല.സംസ്ഥാനത്ത് 104 കേന്ദ്രങ്ങളാണുള്ളത്. അദ്ധ്യാപകർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഓരോ ദിവസവും ക്യാമ്പുകളിൽ എത്തിച്ചേരേണ്ടത്. പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ,ദിവസവുമുള്ള യാത്ര സുരക്ഷിതമാവില്ല. മൂല്യനിർണയം നടക്കുന്ന പല സ്ഥലങ്ങളും റെഡ് സോണും ഹോട്ട് സ്‌പോട്ടുകളുമാണ്. ക്യാമ്പ് മൂന്നാഴ്ചയോളമുണ്ടാവും.

ഗതാഗത സൗകര്യമില്ല

സ്വന്തമായി വാഹനമില്ലാത്ത അദ്ധ്യാപകർക്ക് മൂല്യനിർണയ കേന്ദ്രത്തിലെത്തുക പ്രയാസമാവും. പൊതുഗതാഗതം പുനരാരംഭിക്കുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. മൂല്യനിർണയ ജോലിയുള്ള അദ്ധ്യാപകർക്ക് പ്രത്യേക വാഹന സൗകര്യമൊരുക്കാനും നടപടിയില്ല. എല്ലാ വിദ്യാഭ്യാസ ജില്ലകളിലും മൂല്യനിർണയ കേന്ദ്രമില്ലാത്തതിനാൽ ജില്ലാതല കേന്ദ്രത്തിലേക്കോ ,ദൂരെയുള്ള കേന്ദ്രങ്ങളിലേക്കോ 30 മുതൽ 70 കിലോമീറ്റർ വരെ യാത്ര ചെയ്യേണ്ടിവരും. 65 ശതമാനവും അദ്ധ്യാപികമാരാണ്. ഭൂരിഭാഗം അദ്ധ്യാപികമാരും വാഹനം ഓടിക്കാത്തവരും.

ഡിഗ്രി പ്രവേശനം

സെപ്റ്റംബറിൽ

ഡിഗ്രി പ്രവേശനം സെപ്റ്റംബറിലേക്കും നീറ്റ്, ജെ.ഇ.ഇ ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകൾ ജൂലായ്, ആഗസ്റ്റ് മാസങ്ങളിലേക്കും നീട്ടിയതിനാൽ ഹയർസെക്കൻഡറി ഫലം പ്രഖ്യാപിക്കേണ്ട അടിയന്തര സാഹചര്യമില്ല. ജൂൺ രണ്ടാം വാരത്തോടെ ഫലം പ്രഖ്യാപിക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. ഡിഗ്രി മൂല്യനിർണ്ണയം ജൂൺ രണ്ടാം വാരത്തിലാണ് തുടങ്ങുന്നത്.