പാസില്ലാത്തവരെ കേരളത്തിലേക്ക് കടത്തിവിടില്ലെന്ന് സർക്കാർ

Monday 11 May 2020 12:00 AM IST
LOCKDOWN

കൊച്ചി: മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കേരളത്തിലേക്ക് പ്രവേശിക്കാൻ പാസ് നിർബന്ധമാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കൊവിഡ് വ്യാപനം തടയാനും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാനുമാണ് നിയന്ത്രണമെന്ന് കോടതിയിൽ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു.

വാളയാർവഴി എത്തുന്നവരെ കടത്തിവിടുന്നില്ലെന്ന പരാതികളിൽ ഹൈക്കോടതി നടത്തിയ സ്പെഷ്യൽ സിറ്റിംഗിലാണ് ഇക്കാര്യം വിശദീകരിച്ചത്. വാളയാറിൽ പാസില്ലാതെ എത്തിയവരെ കോയമ്പത്തൂരിൽ പാർപ്പിച്ചിട്ടുണ്ടെന്നും പാസ് ലഭിക്കുന്ന മുറയ്ക്ക് കടത്തിവിടുമെന്നും മുത്തങ്ങ, തലപ്പാടി തുടങ്ങിയ ചെക്ക് പോസ്റ്റുകളിലെ പ്രശ്നങ്ങൾ പരിഹരിച്ചെന്നും സർക്കാർ ബോധിപ്പിച്ചു.

കാത്തിരിപ്പിന്റെ വഴിയിൽ

 വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവർ: 2,31,414

 പാസിന് അപേക്ഷിച്ചവർ: 1,05,171

 നൽകിയ പാസുകൾ : 59,675

 നാട്ടിൽ എത്തിയവർ : 23,197

സർക്കാർ ബോധിപ്പിച്ചത്

 കളക്ടറുടെ പാസ് ലഭിക്കാതെ യാത്ര അരുതെന്ന് നിർദേശിച്ചിരുന്നു. പക്ഷേ,പാസില്ലാതെ കൂട്ടത്തോടെ അതിർത്തികളിലെത്തി.

 പ്രവേശനം ഇഞ്ചിവിള, ആര്യങ്കാവ്, കുമളി, വാളയാർ, മുത്തങ്ങ, മഞ്ചേശ്വരം ചെക്ക് പോസ്റ്റുകൾവഴി മാത്രം

 ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം രാവിലെ എട്ടു മുതൽ വൈകിട്ട് ആറുവരെയായിരുന്നു.

 തിരക്കായതോടെ ചില ചെക്ക് പോസ്റ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു.

 നാട്ടിൽ ഇവർക്കുള്ള പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയേ കടത്തിവിടാനാവൂ.

 റെഡ്സോണിൽനിന്നു വരുന്നവർക്ക് 14 ദിവസം സർക്കാർ ക്വാറന്റൈൻ ഒരുക്കണം.

 ഒാറഞ്ച്, ഗ്രീൻ സോണുകളിൽ നിന്നുള്ളവർക്ക് 14 ദിവസം ഹോംക്വാറന്റൈൻ

 ആശാവർക്കർമാരും പൊലീസും ഇവരെ നിരീക്ഷിക്കണം.