റീബിൽഡ് കേരള: ഡോ. വേണു പുറത്ത്
തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി. വേണുവിനെ തെറിപ്പിച്ചു.മുഖ്യമന്ത്രിയുടെ അനുമതിയോടെ ചീഫ് സെക്രട്ടറിയാണ് ഇന്നലെ ഉത്തരവ് ഇറക്കിയത്. ധനകാര്യ അഡിഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗിനാണ് പകരം ചുമതല. റീബിൽഡ് കേരള അംഗമായി വേണു തുടരും.ഇക്കാര്യത്തിൽ അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുക്കും.
തന്റെ കീഴിൽ വരുന്ന സർവേ ഡയറക്ടറെ താനറിയാതെ സ്ഥലം മാറ്റിയതിൽ വേണുവിന് ചീഫ്സെക്രട്ടറിയോട് നീരസമുണ്ടായിരുന്നു. തീരുമാനം തിരുത്തിയില്ലെങ്കിൽ അവധിയിൽ പ്രവേശിക്കുമെന്നും അറിയിച്ചു. മന്ത്രിസഭായോഗ തീരുമാനത്തോടുള്ള പ്രതിഷേധം മന്ത്രിമാരിലും അതൃപ്തി സൃഷ്ടിച്ചു. വേണുവിനെ റവന്യൂ വകുപ്പിലും, റീബിൽഡ് കേരളയുടെ ചുമതലയിലും നിന്ന് നീക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും, അദ്ദേഹം തുടർന്നു. കൊവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും സംബന്ധിച്ച യോഗങ്ങളിലും സജീവമായിരുന്നു
ചീഫ്സെക്രട്ടറി ടോം ജോസിന്റെ നിയന്ത്രണത്തിലാണ് റീബിൽഡ് കേരളയുടെ പ്രവർത്തനമെന്ന ആക്ഷേപം ശക്തമാണ്. ഈ മാസം 31ന് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ച ശേഷം പുതിയ ലാവണം തേടുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും സൂചനയുണ്ട്. ലോകബാങ്കിൽ നിന്നുൾപ്പെടെ കോടികൾ വരുന്ന സംവിധാനത്തിന്റെ ചുമതലക്കാരനാവാൻ ടോം ജോസ് ആഗ്രഹിക്കുന്നതിന്റെ കൂടി ഭാഗമാണിത്. അഴിമതി ആരോപണങ്ങൾ നേരിടുന്ന ഉന്നതോദ്യോഗസ്ഥനാണ് അദ്ദേഹം.
റീബിൽഡ് കേരള :
തുടക്കം തൊട്ടേ വിവാദം
2018ലെ മഹാപ്രളയത്തിനുശേഷം,പുനർനിർമ്മാണങ്ങളുടെ ചുമതല ഒരു കുടക്കീഴിലാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച റീബിൽഡ് കേരളയുടെ പ്രവർത്തനം തുടക്കം തൊട്ടേ വിവാദത്തിലായി. സെക്രട്ടേറിയറ്റിലെ സൗകര്യക്കുറവ് പറഞ്ഞ് ഇതിനായി തൊട്ടടുത്തെ സ്വകാര്യകെട്ടിടം 88.50 ലക്ഷം രൂപയ്ക്ക് വാടകയ്ക്കെടുക്കാൻ ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി തീരുമാനിച്ചതും വിവാദമായി. 2019- 20 വർഷത്തെ ബഡ്ജറ്റിൽ റീബിൽഡ് കേരളയ്ക്കായി നീക്കിവച്ച 1000 കോടിയിൽ വർഷാവസാന കണക്കെടുപ്പിൽ ചെലവ് വട്ടപ്പൂജ്യമായിരുന്നു. പ്രളയാനന്തര പുനർനിർമ്മാണത്തിന് ലോകബാങ്കിൽ നിന്ന് ലഭിച്ച 1779.58കോടി വക മാറ്റിയെന്ന ആക്ഷേപവും പ്രതിപക്ഷം നിയമസഭയിലുയർത്തി. റീബിൽഡ് കേരള ഡവലപ്മെന്റ് പ്രോഗ്രാമിന്റെ പേരിൽ ലോകബാങ്ക് പ്രതിനിധികളുമായി ചർച്ചയ്ക്ക് കഴിഞ്ഞ സെപ്റ്റംബർ 14 മുതൽ 20 വരെ ചീഫ്സെക്രട്ടറി ടോം ജോസ്, ഡോ.വി.വേണു, ധനകാര്യ എക്സ്പൻഡിച്ചർ സെക്രട്ടറി സഞ്ജീവ് കൗശിക് എന്നിവർ വാഷിംഗ്ടൺ പര്യടനവും നടത്തി.