ഞായർ ലോക്ക് ഡൗൺ പൂർണം; നിരത്തുകളൊഴിഞ്ഞു

Monday 11 May 2020 12:10 AM IST
LOCKDOWN,

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി ഞായറാഴ്ച സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ പൂർണം. ആവശ്യസ‌ർവീസുകളൊഴികെ മറ്റ് വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. വളരെ ചുരുക്കം വ്യാപാരസ്ഥാപനങ്ങളാണ് എല്ലാ ജില്ലകളിലും തുറന്നത്. പാൽ, ആശുപത്രി, ലാബുകൾ, മെഡിക്കൽ സ്റ്റോർ, അനുബന്ധ സേവനങ്ങൾ, കോവിഡ് പ്രതിരോധ വകുപ്പുകൾ, മാലിന്യ നിർമ്മാർജന ഏജൻസികൾ എന്നിവയെ നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കിയിരുന്നു. ആവശ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് തുറക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും ഭൂരിഭാഗം സ്ഥാപനങ്ങളും അടച്ചിട്ടു.

സർക്കാർ നിർദേശത്തോട് ജനങ്ങളും പൂർണമായി സഹകരിച്ചു. അനാവശ്യമായി വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. രാവിലെ മുതൽ സംസ്ഥാനത്തൊട്ടാകെ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. തക്കതായ കാരണങ്ങളില്ലാതെ പുറത്തിറങ്ങിയവരെ തിരിച്ചയച്ചു. പലയിടങ്ങളിലും തുറന്ന കടകൾ പൊലീസ് അടപ്പിച്ചു. ഹോട്ടൽ, പാഴ്സൽ സ‌ർവീസുകൾ മുടങ്ങിയില്ല. നടന്നുവരുന്ന നിർമാണപ്രവൃത്തികൾക്കും അനുമതിയുണ്ടായിരുന്നു. മരണാനന്തരചടങ്ങുകൾക്കും വിവാഹങ്ങൾക്കും തടസമുണ്ടായില്ല. പുലർച്ചെ അഞ്ച് മുതൽ രാവിലെ 10 വരെ നടന്നും സൈക്കിളിലുമുള്ള യാത്രകളും അനുവദിച്ചു.

സർക്കാർ പ്രഖ്യാപിച്ച സമ്പൂ‌ർണ അടച്ചിടൽ പ്രാബല്യത്തിലായ ആദ്യ ഞായറാഴ്ചയായിരുന്നു ഇന്നലെ.