വീണ വിദ്വാൻ ആനന്ദ് കൗശിക് അന്തരിച്ചു

Monday 11 May 2020 1:22 AM IST

തിരുവനന്തപുരം: പ്രശസ്ത വീണ വിദ്വാൻ അനന്തപദ്മനാഭന്റെ മകനും, വീണ വിദ്വാനുമായ ആനന്ദ് കൗശിക് (36) അന്തരിച്ചു. ശരീരകലകളെ ബാധിക്കുന്ന മാർഫൻ സിൻഡ്രോം എന്ന അസുഖത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 4 മണിയോടെയായിരുന്നു അന്ത്യം.

തൃശൂർ സ്വദേശിയായ ആനന്ദ് പാപ്പനംകോട് ആഴാംകൽ കേദാരിലായിരുന്നു താമസം. ഇന്നലെ വൈകിട്ടോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം കരമനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ശ്രീചിത്രയിലും പ്രവേശിപ്പിച്ചു. തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ത്യശൂരിലായിരുന്ന അനന്തപത്മനാഭൻ എത്തിയ ശേഷം കരമന ഗ്രാമജന സമുദായ ശ്‌മശാനത്തിൽ സംസ്‌കാരം നടത്തി. സുബ്ബലക്ഷ്‌മി ഹരിയാണ് ഭാര്യ. നാല് വയസുള്ള അനന്തശ്രീ മകളാണ്.

തിരുപ്പതി, ഗുരുവായൂർ, തൃശൂർ തിരുവമ്പാടി ക്ഷേത്രങ്ങളിലെ സംഗീതോത്സവങ്ങളിൽ സ്ഥിരമായി കച്ചേരി അവതരിപ്പിച്ചിരുന്ന ആനന്ദ്,​ സ്വാതി സംഗീതസഭയുടെ പരിപാടികളിലും നിറസാന്നിദ്ധ്യമായിരുന്നു. അമേരിക്കയിലടക്കം വീണക്കച്ചേരി അവതരിപ്പിച്ചു. അനന്തപദ്മാനഭനിൽ നിന്ന് വീണ അഭ്യസിച്ച ആനന്ദ് കൗശിക് ചെറുപ്പത്തിലേ പേരെടുത്ത കലാകാരനായി. അച്ഛനൊപ്പം നിരവധി കച്ചേരികൾ അവതരിപ്പിച്ചു. നിരവധി സംഗീത ആൽബങ്ങളും ഒരുക്കി. ടെക്നോപാർക്കിൽ യു.എസ്.ടി ഗ്ളോബലിൽ സോഫ്റ്റ്‌വെയർ ആർക്കിടെക്ടായിരുന്ന ആനന്ദ് ജോലിത്തിരക്കിനിടയിലും വീട്ടിൽ വീണ പഠിപ്പിച്ചിരുന്നു. ആഴ്ചയിൽ രണ്ടുദിവസം അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളിലെ വിദ്യാർത്ഥികളെ ഓൺലൈൻ വഴി വീണ അഭ്യസിപ്പിച്ചിരുന്നു.