മാദ്ധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

Monday 11 May 2020 1:29 AM IST

എരുമപ്പെട്ടി: മാദ്ധ്യമ പ്രവർത്തകയായ പ്രിയ എളവള്ളി മഠത്തിനെ അപമാനിക്കുന്ന തരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തിയെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി കുട്ടഞ്ചേരി കൊണ്ടത്തൊടി വീട്ടിൽ അജിത്ത് ശിവരാമനെയാണ് എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടർ കെ.കെ. ഭൂപേഷ് അറസ്റ്റ് ചെയ്തത്. പാഴിയോട്ട്മുറി കുടക്കുഴി നരസിംഹ സ്വാമി ക്ഷേത്രത്തിൽ ലോക്ക് ഡൗൺ ലംഘിച്ച് ഭാഗവത പാരായണവും ആരാധനയും നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവുൾപ്പെടെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ നാല് പേരെ അറസ്റ്റു ചെയ്തിരുന്നു. ഈ വാർത്ത പ്രിയ ജോലി ചെയ്യുന്ന ചാനലിലും വന്നിരുന്നു. പ്രിയയുടെ തറവാടിന് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

വാർത്തയ്ക്ക് പിറകിൽ പ്രിയയും കുടുംബവുമാണെന്ന് ആരോപിച്ചാണ് ഫേസ് ബുക്കിൽ പ്രിയയേയും കുടുംബത്തെയും അപമാനിക്കുന്നതരത്തിൽ പ്രചാരണമുണ്ടായത്. അജിത്ത് ശിവരാമന്റെ പോസ്റ്റിന് കീഴിൽ സ്ത്രീത്വത്തെ അപമാനിച്ച് കൊണ്ടുള്ള നിരവധി കമന്റുകളാണ് വന്നത്. ഇസ്ലാം മത വിഭാഗത്തിൽപ്പെട്ട ഭർത്താവിന്റെ നിർദേശപ്രകാരമാണ് ക്ഷേത്രത്തെ കളങ്കപ്പെടുത്തിയതെന്ന തരത്തിൽ പ്രചാരണം നടത്തി വർഗീയമായി പ്രശ്നം സൃഷ്ടിക്കാനും ശ്രമിക്കുന്നുണ്ടെന്നും പ്രിയ പരാതിയിൽ പറയുന്നു. കേസിൽ കൂടുതൽ പേർ ഉടൻ അറസ്റ്റിലാകുമെന്ന് പൊലീസ് അറിയിച്ചു.