സംസ്ഥാന ട്രെയിനും ജില്ലാ ബസും 18ന് തുടങ്ങാൻ സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാന പരിധിയിൽ ട്രെയിൻ സർവീസുകളും ജില്ലാ പരിധിയിൽ ബസ് സർവീസുകളും ഭാഗികമായി ഈ മാസം പതിനെട്ടുമുതൽ നടത്താൻ സാദ്ധ്യത. സ്റ്റോപ്പുകളുടെ എണ്ണം കുറച്ച് ചില എക്സ്‌പ്രസ് ട്രെയിനുകൾ സർവീസ് നടത്തും. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തുടങ്ങിയതുപോലുള്ള ദീർഘദൂര സ്പെഷ്യൽ ട്രെയിനുകളും അനുവദിക്കും. ജില്ലാ പരിധിയിലോടുന്ന ബസ് സർവീസുകൾക്കും സ്റ്റോപ്പ് കുറയ്ക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ മാർഗ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ വിലയിരുത്തിയശേഷമാകും അന്തിമ തീരുമാനം.
സുരക്ഷാ നിർദ്ദേശങ്ങൾ
ട്രാൻസ്പോർട്ട് ഡിപ്പോകളിലും റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാരെ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം യാത്ര അനുവദിക്കുക.
വന്നിറങ്ങുന്നവർക്കും പരിശോധന നിർബന്ധം. ഡോക്ടറുടെ നേതൃത്വത്തിൽ സ്ക്വാഡ‌് വേണം.
ബസ് ജീവനക്കാർക്കും റെയിൽവേ ജീവനക്കാർക്കും മാസ്കിനു പുറമെ ഫേസ് ഷീൽഡ് നൽകണം.
ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കുറയ്ക്കണം. യാത്രക്കാരെ തെർമ്മൽ പരിശോധനയ്ക്ക് വിധേയരാക്കണം.
യാത്രാ കേന്ദ്രങ്ങളിലും വാഹനങ്ങളിലും സാനിറ്റൈസർ നിർബന്ധം.
യാത്രയിലും സാമൂഹ്യ അകലം പാലിക്കണം.