ലോകത്തിനു മുന്നിൽ ഇവർ നമ്മുടെ അഭിമാനം

Tuesday 12 May 2020 12:10 AM IST

കൊവിഡ് പ്രതി​രോധ പ്രവർത്ത​ന​ങ്ങൾക്കി​ട​യി​ലാണ് ലോകം ഇന്ന് നഴ്സസ് ദിനം ആച​രി​ക്കു​ന്ന​ത്. കേരളത്തിലുംഇന്ത്യയിലും ആരോഗ്യ സേവനരംഗത്ത് ഏറ്റവുമധികം പേർ ജോലിചെയ്യുന്ന മേഖലയാണ് നഴ്സിംഗ്. സംസ്ഥാനത്ത് സ്വകാര്യ മേഖലയിലാണ് വലിയ ശതമാനം നഴ്സുമാരുടെയും ജോലി. കേരളത്തിൽ നിന്നു മാത്രം പ്രതിവർഷം പതിനായിരത്തിലധികം വിദ്യാർത്ഥികൾ നഴ്സിംഗ് ഡിപ്ലോമയോ ബിരുദമോ നേടുന്നു. അതിലധികം പേർ കേരളത്തിനു പുറത്തു നിന്ന് പഠിച്ചിറങ്ങുന്നുണ്ട്. എന്നാൽ അർപ്പണബോധത്തോടും ആത്മാർത്ഥതയോടും കൂടി സേവനം നൽകുന്ന നഴ്സുമാർക്ക് സ്വകാര്യ മേഖ​ല​യിൽ പല​യി​ടത്തും അർഹ​മായ വേതന വ്യവ​സ്ഥ​കളോ ജോലി സുര​ക്ഷയോ ലഭി​ക്കു​ന്നി​ല്ലെന്നതാണ് വസ്തു​ത.

'Nurses a voice to Lead Nursing the world to Health' എന്നതാണ് ഈ വർഷത്തെ നഴ്സിംഗ് ദിനത്തിന്റെ ആശയം. ആരോഗ്യപ്രവർത്തനം ഒരു കൂട്ടായ യത്നമാണ്. കൊവിഡ് പ്രതിരോധത്തിലും കൂട്ടായ പ്രവർത്ത​ന​മാണ് മനു​ഷ്യ​രുടെ ജീവൻ രക്ഷി​ക്കാൻ സഹാ​യ​ക​മാ​കു​ന്ന​ത്. ഇതിൽ നഴ്സുമാരുടെ പ്രവർത്തനം ഏറെ ശ്ലാഘ​നീ​യ​മാ​ണ്. കൊവിഡിന് എതിരായ പോരാട്ടം തുടരുമ്പോൾ എന്തും നേരിടാനുള്ള ധൈര്യത്തോടെ നഴ്സുമാർ മുന്നണിപ്പോരാളികളായി അണിനിരക്കുന്നു. നിപ വൈറ​സിനെ ചെറു​ക്കു​ന്ന​തി​നി​ട​യിൽ ജീവൻ നഷ്ട​പ്പെ​ടേണ്ടി വന്ന പ്രിയ​പ്പെട്ട ലിനി​യുടെ ഓർമ്മ ഈ നഴ്സസ് ദിന​ത്തിലും മന​സ്സിൽ നൊമ്പ​ര​മാകുന്നു.

കൊവിഡ് പ്രതി​രോ​ധ​ത്തി​നി​ട​യിൽ നമ്മുടെ ആരോഗ്യ പ്രവർത്ത​ക​രുടെ സുരക്ഷ ഉറ​പ്പാ​ക്കു​ക​യാണ് ഏറ്റവും പ്രധാ​നം. സുരക്ഷാ ഉപ​ക​ര​ണ​ങ്ങൾ നൽകി​ക്കൊണ്ടു മാത്രമേ കൊവിഡ് രേഗി​കളെ ശുശ്രൂ​ക്ഷി​ക്കാൻ നാം ആരോഗ്യ പ്രവർത്ത​കരെ നിയോ​ഗി​ക്കു​ക​യു​ള്ളു. എന്നിട്ടും നഴ്സു​മാർ, ജെ.​എ​ച്ച്.​ഐമാർ തുട​ങ്ങി​യ​വർക്ക് വൈറസ് ബാധ​യു​ണ്ടായി. അവരെ ആശു​പ​ത്രി​യിൽ പ്രവേശിപ്പിച്ച് നല്ല പരി​ച​രണം നൽകി​യ​തി​നാൽ രോഗം ഭേദ​മാ​യി. പ്രായംചെന്ന രോഗി​കളെ ശുശ്രൂ​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ലാണ് കോട്ടയം മെഡി​ക്കൽ കോളേ​ജിലെ നഴ്സ് രേഷ്മയ്ക്ക് രോഗ​ബാ​ധ​യു​ണ്ടാ​യ​ത്. ചികി​ത്സ​യി​ലി​രി​ക്കു​മ്പോൾ രേഷ്മ പറ​ഞ്ഞത് രോഗം ഭേദ​മാ​യാൽ വീണ്ടും കൊവിഡ് വാർഡിൽ ജോലി ചെയ്യു​മെ​ന്നാ​ണ്. ഇതു​ത​ന്നെ​യാണ് പാപ്പയും അനീഷും സന്തോഷും പറ​ഞ്ഞത്.

നഴ്സസ് ദിന​ത്തിൽ ഇവർ നമ്മുടെ അഭി​മാ​ന​മാ​വു​ക​യാ​ണ്. പല വിദേശരാഷ്ട്രങ്ങളിലും യാതൊരു സുരക്ഷാ സംവി​ധാ​ന​ങ്ങ​ളു​മി​ല്ലാതെ നഴ്സു​മാ‌ർക്കും ഡോക്ടർമാർക്കും ജോലി ചെയ്യേണ്ടിവരുന്നുവെന്ന വാർത്ത​കൾ ഞെട്ടി​ക്കു​ന്ന​താ​ണ്. നമ്മുടെ രാജ്യത്തും മുംബയ്,​ ഡൽഹി തുട​ങ്ങിയ സ്ഥല​ങ്ങ​ളിൽ നഴ്സു​മാർ ഇതേ ​സ്ഥിതി നേരി​ടു​ന്ന​തായി പറ​യു​ന്നു​ണ്ട്.

ആരോഗ്യമേഖലയുടെ വികസനത്തിന് ഈ സർക്കാർ അതീവ പ്രാധാന്യം നൽകുകയും പ്രാഥമികാരോഗ്യ മേഖല ശക്തിപ്പെടുത്താൻ ശ്രമി​ക്കു​കയും ചെയ്യു​ന്നു. കഴിഞ്ഞ വർഷം സ്റ്റാഫ് നഴ്സിന്റെ 400 തസ്തികകൾ കൂടി സൃഷ്ടിച്ചതുൾപ്പെടെ ഈ സർക്കാരിന്റെ കാലയളവിൽ ആരോഗ്യ വകുപ്പിനു കീഴിൽ 937 സ്റ്റാഫ് നഴ്സ് ​തസ്തികകളും ആരോഗ്യ വിദ്യാ​ഭ്യാസ വകു​പ്പിനു കീഴിൽ 1054 തസ്തികകളും സൃഷ്ടിച്ചു. ഈ കൊവിഡ് കാലഘട്ടത്തിൽ എല്ലാ നഴ്സു​മാരും സർക്കാ​രി​നൊപ്പം മുന്ന​ണി​പ്പോരാളികളായി ഒപ്പം നിൽക്കു​ക​യാ​ണ്. നാടിനെ മഹാമാരിയിൽ നിന്ന് രക്ഷിക്കുന്നതിൽ ഇവരിൽ ഓരോരുത്തരുടെയും പ്രവർത്തനം വില​മ​തി​ക്കാ​നാ​വാ​ത്ത​താ​ണ്. എല്ലാ നഴ്സുമാർക്കും നഴ്സസ് ദിനാ​ശം​സ​കൾ നേരുന്നു.