ഇടുക്കി ജലാശയത്തിൽ ജലനിരപ്പ് കൂടി, കാലവർഷം എത്തിയാൽ വെള്ളം തുറന്നുവിടേണ്ടിവരും

Tuesday 12 May 2020 11:24 AM IST

കോട്ടയം: ഇടുക്കി ജലാശയം ഭീഷണിയിൽ. വേനൽ മഴ കനത്തതോടെ നീരൊഴുക്ക് ശക്തമായി. വൈദ്യുതി ഉല്പാദനമാകട്ടെ മൂന്നിലൊന്നായി ചുരുങ്ങി. ഇതോടെ ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് കൂടി. വർഷകാലം ആരംഭിക്കാനിരിക്കെ ഇത്രയും ജലം ജലാശയത്തിൽ കെട്ടിനില്ക്കുന്നത് ആപത്തിലേക്കാണ് വഴിതുറക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 411.077 ദശലക്ഷം വൈദ്യുതി ഉല്പാദിപ്പി്ക്കാനുള്ള വെള്ളമാണ് ഇപ്പോൾ ഇടുക്കി ജലാശയത്തിലുള്ളത്. വൈദ്യുതി ഉല്പാദിപ്പിക്കാൻ 43 ശതമാനം വെള്ളമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വൈദ്യുതിയുടെ ഉപയോഗം കുറ‌ഞ്ഞതാണ് വൈദ്യുതി ഉല്പാദനത്തിൽ വൻ ഇടിവ് സംഭവിക്കാൻ ഒരു കാരണം. കൂടാതെ ആറ് ജനറേറ്ററുകളിൽ മൂന്നും കേടായിക്കിടക്കുകയാണ്. 130 മെഗാവാട്ടിന്റെ ജനറേറ്ററുകളാണ് ഇടുക്കിയിൽ സ്ഥാപിച്ചിട്ടുള്ളത്. ജനുവരി 20നും ഫെബ്രുവരി ഒന്നിനുമാണ് ഓരോ ജനറേറ്ററർവീതം പൊട്ടിത്തെറിച്ച് കത്തി നശിച്ചത്. ഇതിന്റെ പണി കഴിഞ്ഞയാഴ്ച ആരംഭിച്ചുവെങ്കിലും പണി പൂർത്തിയായിട്ടില്ല. ആറാം നമ്പർ ജനറേറ്റർ അറ്റകുറ്റപ്പണിക്കായി നിർത്തിവച്ചിരിക്കയാണ്. ഇതിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ട്രയൽ റൺ നടത്തിയപ്പോൾ വീണ്ടും തകരാറിലായതും വൈദ്യുതി വകുപ്പിനെ നിരാശയിലാക്കി.

ഇപ്പോൾ 43 ശതമാനം വെള്ളം അണക്കെട്ടിൽ കെട്ടിക്കിടക്കുന്നുണ്ട്. കാലവർഷം എത്തിയാൽ കൂടുതൽ വെള്ളം ഒഴുകിയെത്തും. ഇതോടെ കാലവർഷം എത്തിയാൽ ഉടന ഇടുക്കി ഡാമിൽനിന്നും വെള്ളം ഒഴുക്കിവിടേണ്ടതായി വരും. രണ്ടുവർഷം മുമ്പുണ്ടായ പ്രളയത്തെ തുടർന്ന് ഇടുക്കി ഡാമിൽ നിന്നും വെള്ളം ഒഴുക്കി വിടേണ്ടതായി വന്നിരുന്നു. ഇതോടെ സംഭവിച്ച നാശനഷ്ടം ഇടുക്കിയിലെ ജനം മറന്നിട്ടില്ല.

കാലവർഷം എത്തുംമുമ്പേ കൂടുതലുള്ള വെള്ളം ഒഴുക്കിക്കളയണമെന്നാണ് ജനങ്ങളുടെ ആവശ്യം. കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കാം എന്നു കരുതി വെള്ളം ശേഖരിച്ചുവയ്ക്കുന്നത് ആപത്താവുമെന്നാണ് ജനങ്ങൾ ആശങ്കപ്പെടുന്നത്.