പ്രവാസികളുടെ കാര്യത്തിൽ സർക്കാർ പരാജയം: യു.ഡി.എഫ് എം.പിമാർ
തിരുവനന്തപുരം : കൊവിഡിന്റെ മൂന്നാംഘട്ട പ്രതിരോധത്തിലും പ്രവാസികൾ, അന്യസംസ്ഥാനത്തെ മലയാളികൾ എന്നിവരെ നാട്ടിലെത്തിക്കുന്ന കാര്യത്തിലും സർക്കാർ തികഞ്ഞ പരാജയമാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി പറഞ്ഞു. യു.ഡി.എഫ് എം.പി മാരുടെ യോഗത്തിന് ശേഷം കന്റോൺമെന്റ് ഹൗസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംബസിയിൽ രജിസ്റ്റർ ചെയ്തതിൽ 10 ശതമാനം പേരെപോലും മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. അന്യസംസ്ഥാനങ്ങളിൽ താമസിക്കുന്നവരെ മറ്റു സംസ്ഥാനങ്ങൾ ഇടപെട്ട് മടക്കിക്കൊണ്ടുപോകുമ്പോൾ കേരളം തികഞ്ഞ പരാജയമാണ്. വിദേശത്തു നിന്ന് വരുന്ന നാലുലക്ഷം പേരെ ക്വാറന്റൈൻ ചെയ്യിക്കാനുള്ള സൗകര്യം തയ്യാറാക്കിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ മാലിദ്വീപിൽ നിന്നെത്തിയ അമ്മയും മകളും രാത്രിയിൽ പെരുവഴിയിലായത് അവകാശവാദം തെറ്റെന്ന് തെളിയിക്കുന്നതാണ്.
എം.പി മാരോട് ഫോണിൽ സംസാരിക്കാനോ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കാനോ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. നിരീക്ഷണ സമിതിയിൽ എം.എൽ.എമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവരെ ഉൾപ്പെടുത്തിയിട്ടും എം.പിമാരെ സഹകരിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നോർക്ക വെള്ളാനയായി മാറിയതായും സ്വാധീനമുള്ളവർക്ക് മാത്രമേ വിമാനത്തിൽ പ്രവേശനം ലഭിക്കുന്നുള്ളൂവെന്നും കെ.മുരളീധരൻ എം.പി പറഞ്ഞു. എം.പി മാരായ എൻ.കെ.പ്രേമചന്ദ്രൻ,ഡീൻ കുര്യാക്കോസ്, അടൂർ പ്രകാശ്, ആന്റോ ആന്റണി, തോമസ് ചാഴികാടൻ എന്നിവരും പങ്കെടുത്തു.