മകളുടെ കുളി പകർത്തിയത് ചോദ്യംചെയ്ത പിതാവിനെ അടിച്ചു പല്ലുകൊഴിച്ചു, അഞ്ച് യുവാക്കൾക്കെതിരെ കേസ്
മാനന്തവാടി: മകളും കൂട്ടുകാരിയും പുഴക്കടവിൽ കുളിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ പിതാവിനെ യുവാക്കൾ അടിച്ചു പല്ലുകൊഴിച്ചു. മാനന്തവാടി മുതിരേരി പൊള്ളമ്പാറ പുഴക്കടവിൽ കുളിക്കാനെത്തിയ യുവതികളെയാണ് പുഴയുടെ അക്കരെ നിന്നുള്ള സംഘം അപമാനിക്കാൻ ശ്രമിച്ചത്. എള്ളുമന്ദം സ്വദേശികളായ വെള്ളരിപ്പാലം നിനോജ് (40), മൂലപ്പീടിക അനൂപ് (33), അനീഷ് (38), ബിനീഷ് (41), വെങ്ങാരംകുന്ന് അജീഷ് (40) എന്നിവർക്കെതിരെ മാനന്തവാടി പൊലീസ് കേസെടുത്തു. യുവതികളെ അപമാനിച്ചതിനും വയോധികനെ മർദ്ദിച്ചതിനുമാണ് കേസെടുത്തത്. സി.പി.എം പ്രവർത്തകരായ പ്രതികൾ ഒളിവിലാണെന്നും അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.
കോട്ടയത്തെ ജേർണലിസം വിദ്യാർത്ഥിനികളാണ് പരാതിക്കാരായ യുവതികൾ. ഇവരെ അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ പിതാവിന്റെ മുൻവശത്തെ ഒരു പല്ല് കൊഴിയുകയും ഒരുപല്ല് ഇളകുകയും ചെയ്തു. തുടർന്ന് മാനന്തവാടി പൊലീസിൽ പരാതി നൽകി. എടവക എള്ളുമന്ദത്ത് വെള്ളിയാഴ്ച നടന്ന സംഭവം ഇന്നലെയാണ് വാർത്താചാനലുകളിലൂടെ പുറംലോകത്തെത്തിയത്. പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി.
വാർത്ത വാസ്തവവിരുദ്ധമെന്ന് സി.പി.എം
ദൃശ്യങ്ങൾ പകർത്തി എന്ന പരാതി വാസ്തവവിരുദ്ധമാണെന്ന് സി.പി.എം എടവക ലോക്കൽ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പൂഴക്കടവിൽ യുവാക്കൾ കുളിക്കുന്നതിനിടയിൽ സംസാരിച്ചത് എതിർവശത്ത് അലക്കുന്ന യുവതിയെക്കുറിച്ചാണെന്ന തെറ്റിദ്ധാരണയിൽ പരാതിക്കാരി ക്ഷോഭിച്ച് സംസാരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് യുവതിയുടെ പിതാവും സഹോദരനും ചേർന്ന് പുഴയുടെ ഇക്കരെ വന്ന് യുവാക്കളോട് വാക്കേറ്റം നടത്തിയത്. കേസ് അന്വേഷിക്കുന്ന എസ്.ഐ സി.പി.എം വിരുദ്ധ നിലപാടുകൾ എടുത്തിട്ടുള്ള വ്യക്തിയാണെന്നും ലോക്കൽ കമ്മിറ്റി ആരോപിച്ചു.
''സംഭവം സത്യസന്ധമായി അന്വേഷിച്ചാണ് കേസെടുത്തത്. എന്നെക്കുറിച്ചുള്ള ആക്ഷേപത്തിന് മറുപടി പറയാൻ ബുദ്ധിമുട്ടുണ്ട്. മേലുദ്യോഗസ്ഥരോട് അന്വേഷിക്കാം.
-ബിജു ആന്റണി, മാനന്തവാടി എസ്.ഐ