സംസ്ഥാനത്ത് കൊവിഡ് പൊലീസ് സേനയിലേക്കും, വാഹനത്തിനും പാസിനും സ്റ്റേഷനിൽ തിരക്ക്, ആശങ്കയോടെ അധികൃതർ

Thursday 14 May 2020 11:05 AM IST

കണ്ണൂർ: സമ്പർക്കത്തിലൂടെ പൊലീസുകാരനും കൊവിഡ് ബാധിച്ചതോടെ ആശങ്കയേറുന്നു. യാത്രാ പാസിനായി ജനങ്ങൾ കൂട്ടത്തോടെ എത്തുന്നതും, പിടിച്ചെടുത്ത വാഹനങ്ങൾക്കായി തിരക്ക് കൂട്ടുന്നതുമാണ് പ്രതിസന്ധി. പലരും ദീർഘ നേരം സ്റ്റേഷനിൽ തങ്ങുന്നത് ഒഴിവാക്കാനായില്ലെങ്കിൽ മറ്റൊരു ദുരന്തത്തിന് ഇടയാക്കിയേക്കാമെന്നാണ് ആശങ്ക.

ചെന്നൈയിൽ നിന്നെത്തിയ ട്രക്ക് ഡ്രൈവറുമായുള്ള സമ്പർക്കത്തിലൂടെയാണ് കേളകം സ്വദേശിയായ പൊലീസുകാരന് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലയെ ഈ സംഭവം നേരിട്ട് ബാധിക്കുന്നില്ലെങ്കിലും സമാനമായ സാഹചര്യം ഒഴിവാക്കണമെന്നാണ് അഭിപ്രായം ഉയരുന്നത്. സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഇപ്പോൾ ഇവർ ഡ്യൂട്ടി ചെയ്യുന്നത്.

കണ്ണൂർ ജില്ലയിൽ 2497 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ ഒൻപത് പേർ ഇന്നലെ പ്രവേശിപ്പിക്കപ്പെട്ടവരാണ്. 38 പേർ ആശുപത്രിയിലും, 2459 പേർ വീടുകളിലുമായാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 28 പേരും, കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ ഏഴ് പേരും, തലശ്ശേരി ജനറൽ ആശുപത്രിയിൽ രണ്ട് പേരും, കണ്ണൂർ ജില്ലാശുപത്രിയിൽ ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്. 58 പേരുടെ ഫലം കൂടി ലഭിക്കുന്നതോടെ ചിത്രം വ്യക്തമാകും.

ചെന്നൈയിൽ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെ പത്ത് പേർക്ക് രോഗ വ്യാപനം ഉണ്ടായ സാഹചര്യം കൂടുതൽ ജാഗ്രതയ്ക്ക് കാരണമാക്കും. വ്യാപാര സ്ഥാപനങ്ങളിലടക്കം എത്തുന്നവർ സാമൂഹ്യ അകലം പാലിക്കാത്ത പ്രശ്നവുമുണ്ട്. ലോക്ക് ഡൗണിൽ ഇളവ് വരുത്തുമ്പോഴാണ് ഇത്തരം സാഹചര്യം ഉണ്ടാകുന്നത്. ഇതിൽ വിട്ടുവീഴ്ച പാടില്ലെന്നും നിർദ്ദേശമുണ്ട്.