എല്ലാം പറശ്ശനിക്കടവ് മുത്തപ്പന്റെ അനുഗ്രഹം...!!
കീർത്തി, കീർത്തി, കീർത്തി...എന്ന വിളി കഴിഞ്ഞ വർഷം തിയേറ്ററുകളിൽ നിറഞ്ഞു കേട്ടത്. ജയ്സന്റെ കീർത്തി ഇപ്പോൾ എവിടെയാണെന്ന തിരച്ചിലാണ് പ്രേക്ഷകർ. തണ്ണീർ മത്തനേക്കാൾ മധുരം പകർന്ന പ്രണയമായിരുന്നു കീർത്തിയുടെയും ജയ്സന്റെയും. കണ്ണൂർക്കാരിയായ അനശ്വര രാജന് ഇന്ന്ഇപ്പോൾ കൈ നിറയെ സിനിമകളാണ്. കാവ്യ പ്രകാശിന്റെ 'വാങ്കാ'ണ് അനശ്വരയുടെതായി റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം.
ആദ്യ ഷോട്ട്, കീർത്തിയോട് പ്രണയം
എല്ലാം സ്വപ്നം പോലെ തോന്നുന്നു. ആദ്യ ഷോട്ടുകൾ എടുക്കുമ്പോൾ ചെറിയ നാണമുണ്ടായിരുന്നു.ജയ്സനായി അഭിനയിച്ച മാത്യു തോമസ് നല്ല കമ്പനിയാണ്. അങ്ങനെ അതു മാറി. ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചില്ല. സ്കൂളിൽ പോവുന്നതുപോലെയാണ് ലൊക്കേഷനിൽ പോയത്.സാധാരണ ക്ളാസുകൾ നടക്കുന്ന രീതിയിൽ ക്ളാസ് .അതിന് ഇടയിൽ കാമറ.മൊത്തം സ്കൂൾ അന്തരീക്ഷം.പത്താം ക്ളാസ് അവസാന പരീക്ഷയുടെ സമയത്താണ് തണ്ണീർ മത്തനിലേക്ക് വിളിക്കുന്നത്. ഞാൻ പരീക്ഷയുടെ നല്ല ചൂടിലായിരുന്നു.ആദ്യം ചെയ്യേണ്ടെന്നു വിചാരിച്ചു. എങ്ങാനും അഭിനയിക്കാതിരുന്നെങ്കിൽ വൻ മണ്ടത്തരമായേനെ.ഗിരീഷേട്ടൻ കഥ പറഞ്ഞപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. കീർത്തിയെ പെട്ടെന്ന് അടുത്തറിയാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞു.അതിനാൽ വലിയ തയ്യാറെടുപ്പൊന്നും വേണ്ടി വന്നില്ല. ഇജ്ജാതി ജാതിക്കതോട്ടം പാട്ട് ആദ്യമേ ഹിറ്റായി.അപ്പോൾ സന്തോഷം തോന്നി.
ആദ്യം നാടകം , ഇപ്പോൾ സിനിമ
പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ഒരൊറ്റ രാജപ്പനേയുള്ളൂ.അതാണ് ഞാൻ. എൽ.കെ. ജി മുതൽ പത്താം ക്ളാസ് വരെ പഠിച്ചത് അവിടെയാണ്. അച്ഛന്റെ പേര് ചേർത്താണ് ഞങ്ങൾ കൂട്ടുകാർ വിളിക്കുക. രാജൻ രാജപ്പനായി. രാജപ്പൻ എന്നു പറഞ്ഞാലേ സ്കൂളിൽ എന്നെ അറിയൂ. രാജപ്പൻ വിളി രാജപ്പൻ എന്ന പേരുള്ളവർ പോലും ഇത്രമാത്രം കേട്ടിട്ടുണ്ടാവില്ല. സിനിമയിൽ വരണമെന്ന് ഒരിക്കലും ആഗ്രഹിച്ചില്ല. അഞ്ചാം ക്ളാസ് മുതൽ മോണോ ആക്ടുണ്ട്.വിഷയം ഞാൻ കണ്ടു പിടിക്കും. സംവിധാനവും ഈ രാജപ്പൻ തന്നെ . ജില്ലാ കലോത്സവത്തിന് അപ്പുറം പോയിട്ടില്ല. സാധാരണ കുടുംബമാണ്. ഏഴാം ക്ളാസ് വരെ മോണോ ആക്ടിൽ പങ്കെടുത്തു. പിന്നെ തെരുവ് നാടകത്തിൽ അഭിനയിച്ചു. ആളുകൾക്ക് മുന്നിലാണ് അഭിനയം. അത് ഒരു ശീലമായി. നാടകത്തിൽ അഭിനയിക്കുന്ന കുട്ടി എന്ന വിലാസം കിട്ടി. എട്ടാം ക്ളാസിലെ അവധിക്കാലത്തായിരുന്നു ഉദാഹരണം സുജാതയുടെ ഒാഡിഷൻ. പിന്നെ നടന്നതൊക്കെ എല്ലാവർക്കും അറിയാം. കുടുംബത്തിൽ ആർക്കും കലാപാരമ്പര്യമില്ല. എന്നാൽ ചേച്ചി െഎശ്വര്യ നൃത്തം പഠിച്ചിട്ടുണ്ട്. ഞാൻ അതുമില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് പറയുന്നതുപോലെ സംഭവിച്ചു. നാടകത്തിൽ അഭിനയിച്ചതിന്റെ ഗുണം കാമറയ്ക്ക് മുന്നിൽ നിന്നപ്പോഴാണ് തിരിച്ചറിഞ്ഞത്.ഒരു ടെൻഷനും തോന്നിയില്ല. സംവിധായകൻ പറഞ്ഞതുപോലെ ചെയ്തു. നാടകം സിനിമയിൽ എത്തിച്ചെന്ന് പറയുന്നതാണ് ശരി. സിനിമയിൽ വരാൻ ആഗ്രഹിച്ചില്ലെങ്കിലും ധാരാളം സിനിമ കാണുമായിരുന്നു.അങ്ങനെ സിനിമ ഇഷ്ടപ്പെട്ടു. ഉദാഹരണം സുജാത തന്നതും വലിയ പ്രശസ്തിയാണ്.
സിനിമ വരുത്തിയ മാറ്റങ്ങൾ
സിനിമ ജീവിതത്തിൽ വലിയ മാറ്റമാണ് വരുത്തിയത്. ആളുകൾ തിരിച്ചറിയാൻ തുടങ്ങി. പുതിയ സ്ഥലം, പുതിയ ആളുകൾ. ഒാരോ സിനിമ കഴിയുമ്പോഴും കൂടുതൽ കാര്യം പഠിക്കാൻ തുടങ്ങി. പറശ്ശനിക്കടവ് മുത്തപ്പൻ എപ്പോഴും അനുഗ്രഹം തരുന്നു. ജിബു ജേക്കബ് സാറിന്റെ ആദ്യ രാത്രിയാണ് പുതിയ സിനിമ.പഠനത്തിനൊപ്പം സിനിമയും കൊണ്ടു പോവാനാണ് ആഗ്രഹം. പയ്യന്നൂരിനടുത്ത് കരിവള്ളൂരാണ് നാട്. അച്ഛൻ രാജൻ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനാണ്. അമ്മ ഉഷ അംഗൻവാടി അദ്ധ്യാപിക. ചേച്ചി ഡിഗ്രി കഴിഞ്ഞു.