എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ: തയ്യാറെടുപ്പുമായി ജില്ല
പാലക്കാട്: കൊവിഡ് രോഗബാധയെ തുടർന്ന് മാറ്റിവച്ച എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ ഈ മാസം 26 മുതൽ 30 വരെ നടത്താൻ തീരുമാനിച്ചതോടെ ജില്ലയിൽ പരീക്ഷകൾക്കായുള്ള ഒരുക്കമാരംഭിച്ചു. എസ്.എസ്.എൽ.സി ഉച്ചയ്ക്ക് 1.45നും പ്ലസ് ടു രാവിലെ 9.45നാണ് തുടങ്ങുക. വി.എച്ച്.എസ്.ഇ പരീക്ഷയും രാവിലെ നടക്കും.
ജില്ലയിൽ പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം തുടങ്ങി മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി 199 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. പാലക്കാട് 99, മണ്ണാർക്കാട് 42, ഒറ്റപ്പാലം 58 എന്നിങ്ങനെയാണ് കേന്ദ്രങ്ങൾ. കമ്മ്യൂണിറ്റി കിച്ചൺ, കൊവിഡ് കെയർ സെന്റർ എന്നിവയ്ക്കായി ഉപയോഗിച്ച പരീക്ഷ കേന്ദ്രങ്ങളായ സ്‌കൂളുകൾ അണുവിമുക്തമാക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനം പരീക്ഷയ്ക്ക് മുമ്പേ പൂർത്തിയാക്കും.
തുടർന്ന് ആരോഗ്യപ്രവർത്തകർ പരീക്ഷാ കേന്ദ്രങ്ങൾ പരിശോധിക്കും. പരീക്ഷയ്ക്ക് വരുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ മാസ്‌കുകൾ എൻ.എസ്.എസ് പോലുള്ള യൂണിറ്റുകളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നുണ്ട്. ഇവ പരീക്ഷയ്ക്ക് മുമ്പ് തന്നെ അതത് സ്‌കൂളുകളിൽ എത്തിക്കും.
ലിസ്റ്റ് തയ്യാറാക്കുന്നു
ഇതര സംസ്ഥാനങ്ങളിലും മറ്റു ജില്ലകളിലുമായി കുടുങ്ങിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കി വരികയാണ്. പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ മാത്രമായി തമിഴ്നാട്, ലക്ഷദ്വീപ്, മറ്റ് ജില്ലകൾ എന്നിവിടങ്ങളിലായി 19 വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. മണ്ണാർക്കാട്, ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലകളിലെ ലിസ്റ്റ് കൂടി പൂർത്തിയാകേണ്ടതുണ്ട്. ലിസ്റ്റ് തയ്യാറായ ശേഷം തുടർ നടപടി സ്വീകരിക്കും.
യാത്രാ സൗകര്യം ഒരുക്കും
പരീക്ഷ ആരംഭിക്കുന്നതിനു മുമ്പ് പൊതുഗതാഗതം പുനഃരാരംഭിച്ചില്ലെങ്കിൽ വിദ്യാർത്ഥികൾക്കുള്ള യാത്രാ സൗകര്യം ഒരുക്കും. സ്വകാര്യവാഹനങ്ങൾ ഇല്ലാത്തവർക്ക് യാത്രയ്ക്ക് സ്‌കൂളുകളിലെ എൽ.പി, യു.പി വിഭാഗങ്ങളിലുള്ള സ്‌കൂൾ ബസുകൾ കൂടി പ്രയോജനപ്പെടുത്തും. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാൻ കൂടുതൽ ബുദ്ധിമുട്ടുള്ള കുട്ടികളുടെ ലിസ്റ്റും തയ്യാറാക്കും. കൊവിഡ് നിയന്ത്രണ ചട്ടമെല്ലാം പാലിച്ചാകും പരീക്ഷകൾ നടത്തുക. -പി.കൃഷ്ണൻ, ഡി.ഡി.ഇ, പാലക്കാട്.