ഉത്ണ്ഠയിൽ സംസ്ഥാനം 26 പേർക്ക് കൊവിഡ്
തിരുവനന്തപുരം : ഇന്നലെ 26 പേർക്ക് കൊവിഡ് ബാധിച്ചതോടെ സംസ്ഥാനത്ത് ഉത്കണ്ഠയുടെ ഗ്രാഫ് വീണ്ടും ഉയർന്നു. ഇതിൽ 7 പേർ വീതം വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കാസർകോട്ട് 10 പേർക്കും മലപ്പുറത്ത് അഞ്ചു പേർക്കും പാലക്കാട്ടും വയനാട്ടിലും മൂന്നു പേർക്ക് വീതവും കണ്ണൂരിൽ രണ്ട് പേർക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.യു.എ.ഇ: 5, സൗദി അറേബ്യ, കുവൈറ്റ് : ഓരോ ആൾ എന്നിങ്ങനെയാണ് രോഗ ബാധിതർ. നാലു പേർ മുംബയിൽ നിന്നും രണ്ടു പേർ ചെന്നൈയിൽ നിന്നും ഒരാൾ ബംഗളൂരുവിൽ നിന്നും വന്നതാണ്.കാസർകോട്ട് ഏഴു പേർക്കും വയനാട്ടിൽ മൂന്നു പേർക്കും പാലക്കാട് ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കാസർകോട്ട് രണ്ട് പേർ ആരോഗ്യ പ്രവർത്തകരാണ്. വയനാട്ടിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥനാണ് രോഗം.അതേസമയം, മൂന്നുപേർ രോഗമുക്തി നേടി. കൊല്ലത്ത് രണ്ട് പേരുടെയും കണ്ണൂരിൽ ഒരാളുടെയും ഫലമാണ് നെഗറ്റീവായത്. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു.
36,910: നിരീക്ഷണത്തിലുള്ളവർ
36,362: വീടുകളിൽ നിരീക്ഷണം
548: ആശുപത്രികളിൽ ആകെ
174: ഇന്നലെ ആശുപത്രിയിൽ
' കഴിഞ്ഞ കുറേ നാളുകളായി ഒറ്റ അക്കത്തിലായിരുന്നു പുതിയ കേസുകളുടെ എണ്ണം. ബുധനാഴ്ച പത്തായി. ഇന്നലെ അതിന്റെ ഇരട്ടിയിലേറെയായി. നാം നേരിടുന്ന വിപത്തിന്റെ സൂചനയാണിത്. എന്നാൽ ഈ പ്രതിസന്ധി അഭിമുഖീകരിക്കാനും മറികടക്കാനും കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ജനങ്ങളും സർക്കാർ സംവിധാനങ്ങളും എല്ലാ കരുത്തും ഉപയോഗിച്ച് ഇതിനെ അതിജീവിക്കും.
' - മുഖ്യമന്ത്രി, പിണറായി വിജയൻ