ആരോഗ്യം കാക്കാൻ വരുന്നു ഓപ്പൺ ജിംനേഷ്യം
കൊല്ലം: വ്യായാമത്തിനായി ജിംനേഷ്യത്തിൽ പോകാൻ ഇനി ഭീമമായ ഫീസ് നൽകേണ്ട. നെടുമ്പനയിൽ കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ഓപ്പൺ ജിംനേഷ്യം ഉടൻ തുറക്കും. മിനുക്കുപണികൾ കൂടി പൂർത്തിയാകുന്നതോടെ ഒരു മാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
10 ലക്ഷം രൂപയുടെ പദ്ധതി
നെടുമ്പന ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തായുള്ള മിനി സ്റ്റേഡിയത്തിലാണ് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജിംനേഷ്യത്തിന്റെ പണി പൂർത്തിയാകുന്നത്. ജില്ലാ പഞ്ചായത്തംഗം സി.പി. പ്രദീപിന്റെ ശ്രമഫലമായി അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് ജിംനേഷ്യം സ്ഥാപിക്കുന്നത്.
നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണച്ചുമതല. ചുറ്റുവേലി കെട്ടിത്തിരിച്ച് തറ ടൈൽ പാകി. വ്യായാമത്തിനുള്ള ആധുനിക മെഷീനുകൾ വാങ്ങി സജ്ജീകരിക്കുകയും ചെയ്തു.
സൗജന്യം ?
ഗ്രാമവാസികൾക്ക് പൂർണമായും സൗജന്യമായി ജിംനേഷ്യം ഉപയോഗിക്കാൻ അവസരമൊരുക്കാനാണ് നിലവിലുള്ള തീരുമാനം. എന്നാൽ പ്രദേശത്ത് ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റി രൂപകരിച്ച് നാമമാത്ര ഫീസ് ഈടാക്കി സംരക്ഷണത്തിന് ഉപയോഗിക്കാമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഒരു സമയം പതിനഞ്ച് പേർക്ക് ജിംനേഷ്യം ഉപയോഗിക്കാൻ കഴിയും.
........................................................................
മഴ പെയ്താൽ പ്രശ്നമാകും
ഓപ്പൺ ജിംനേഷ്യമായതിനാൽ മേൽക്കൂര സ്ഥാപിച്ചിട്ടില്ല. ഇതുമൂലം മഴക്കാലത്ത് ജിംനേഷ്യത്തിന്റെ പ്രവർത്തനം നിലയ്ക്കാനിടയുണ്ട്. ഉപകരണങ്ങളും വെള്ളം വീണ് നശിക്കും. ഇതിനാൽ സംരക്ഷണത്തിനായി മേൽക്കൂര ഒരുക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
ആരോഗ്യത്തിന് മുൻതൂക്കം...
പൊതുസമൂഹത്തിന്റെ ആരോഗ്യത്തിന് മുൻതൂക്കം നൽകുന്ന ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായാണ് നെടുമ്പനയിൽ തുടങ്ങുന്ന ഓപ്പൺ ജിംനേഷ്യവും. ഗ്രാമവാസികൾക്ക് ഇവിടെ വന്ന് വ്യായാമം ചെയ്യാവുന്നതാണ്. ഫീസ് വാങ്ങേണ്ടെന്നാണ് നിലവിലെ തീരുമാനം. എന്നാൽ പ്രാദേശിക അടിസ്ഥാനത്തിൽ കമ്മിറ്റി രൂപീകരിച്ച് അവിടെ ഉണ്ടാകുന്ന അഭിപ്രായത്തിന് അനുസരിച്ച് നാമമാത്ര ഫീസ് വാങ്ങേണ്ടി വന്നാൽ പരിശീലകരെ ഉൾപ്പടെ നിയമിക്കാനാകും.
സി.പി. പ്രദീപ്, ജില്ലാ പഞ്ചായത്തംഗം