വേണ്ടത് മികച്ച ബിസിനസ് സാഹചര്യം; കൂലി താനേ ഉയരും

Friday 15 May 2020 12:56 AM IST

കൊച്ചി: കൂടുതൽ വായ്‌പകളല്ല, സാമ്പത്തിക ഭാരം കുറയ്ക്കാനും ദീർഘകാല ആശ്വാസമേകുന്നതുമായ നടപടികളാണ് നിലവിലെ ഇന്ത്യയ്ക്ക് ആവശ്യമെന്ന നിരീക്ഷണങ്ങൾ ഉയരുന്നുണ്ട്. കുടിയേറ്റ തൊഴിലാളികളാണ് ഇന്ത്യൻ തൊഴിൽമേഖലയുടെ വലിയ ബലം. അവർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കിയാൽ കൂലി സ്വാഭാവികമായി തന്നെ ഉയരുമെന്ന് കേരള സ്‌മാൾ സ്‌കെയിൽ ഇൻഡസ്‌ട്രീസ് അസോസിയേഷൻ പ്രസിഡന്റ് ദാമോദർ അവനൂർ പറഞ്ഞു.

മിനിമം കൂലി ഉറപ്പാക്കൽ, സൗജന്യ ധാന്യവിതരണം, കുറഞ്ഞ വാടകയുള്ള വീടുകൾ, വഴിയോര കച്ചവടക്കാർക്ക് 10,000 രൂപ വായ്‌പ, മുദ്രാ (ശിശു) വായ്‌പാ പലിശയിൽ രണ്ടു ശതമാനം ഇളവ് തുടങ്ങിയ പ്രഖ്യാപനങ്ങൾ നല്ലതാണ്. എന്നാൽ, താത്കാലിക ആശ്വാസമല്ല ഇപ്പോൾ വേണ്ടത്, തിരിച്ചടിയിൽ നിന്ന് എന്നന്നേക്കുമായി കരകയറാനുള്ള നടപടികളാണ്. എം.എസ്.എം.ഇകൾക്ക് ഇപ്പോൾ വേണ്ടത് വായ്‌പയല്ല. പകരം, ജീവനക്കാരുടെ ശമ്പളം കൊടുക്കാൻ പിന്തുണ, വൈദ്യുതി ബിൽ അടക്കുന്നതിന്റെ സാവകാശം തുടങ്ങിയ ആശ്വാസങ്ങളാണ്.

കയറ്റുമതി നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കാനുള്ള സൗകര്യങ്ങളും ഒരുക്കണം. അതേസമയം, ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച പദ്ധതികളിലൂടെ ഫണ്ടുകൾ വിപണിയിൽ എത്തിയാൽ വാണിജ്യ-വ്യവസായ നടപടികളിൽ ഉണർവുണ്ടാകും. പക്ഷേ, ഈ ഫണ്ടുകൾ എന്ന് വിപണിയിലേക്ക് എത്തുമെന്നത് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

വേണ്ടത് നികുതി ആശ്വാസം

എം.എസ്.എം.ഇകൾക്ക് മൂന്നുലക്ഷം കോടി രൂപയുടെ ഈടില്ലാ വായ്‌പകൾ ആത്മനിർഭർ പാക്കേജിലുണ്ടെങ്കിലും പ്രഖ്യാപിക്കേണ്ടിയിരുന്നത് നികുതി അടയ്ക്കാൻ കൂടുതൽ സാവകാശമായിരുന്നുവെന്ന് കേരള ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി ഡയറക്‌ടർ രാജാ സേഥുനാഥ് പറഞ്ഞു.നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ആറുമാസക്കാലയളവിൽ ഒരു കമ്പനിയും ലാഭം പ്രതീക്ഷിക്കുന്നില്ല. എന്നാൽ, നികുതി (ടി.ഡി.എസ്/ടി.സി.എസ്)അടയ്ക്കണമെന്നും ഏതാനും മാസങ്ങളുടെ സാവകാശം നൽകുന്നു എന്നുമാണ് ധനമന്ത്രി പറഞ്ഞത്. നികുതി ബാദ്ധ്യത ഒഴിവാക്കുകയാണ് വേണ്ടിയിരുന്നത്.