ഭവന മേഖലയ്ക്ക് ഉണർവാകും; പക്ഷേ,​ കുറയണം ജി.എസ്.ടി

Friday 15 May 2020 12:54 AM IST

കൊച്ചി: ആത്മനിർഭർ ഭാരത് പാക്കേജിന്റെ ഭാഗമായി ഭവന നിർ‌മ്മാണ (ഹൗസിംഗ്) മേഖലയ്ക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച ആനുകൂല്യങ്ങളെ ഈ രംഗത്തുള്ളവർ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും കൂടുതൽ ആശ്വാസം വേണമെന്ന വാദവുമുണ്ട്.

2022ഓടെ എല്ലാവർക്കും വീട് എന്ന മോദി സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പായി ഇന്നലത്തെ ധനമന്ത്രിയുടെ പ്രഖ്യാപനത്തെ കാണാമെന്ന് ക്രെഡായ് കേരള കൺവീനർ ജനറൽ എസ്.എൻ. രഘുചന്ദ്രൻ നായർ അഭിപ്രായപ്പെട്ടു. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയ്ക്ക് വീട് സ്വന്തമാക്കാൻ ക്രെഡിറ്ര് ലിങ്ക്ഡ് സബ്‌സിഡി സ്‌കീമിലൂടെ 70,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.

ഇത് തൊഴിലവസരം ഉയർത്തും. സ്‌റ്റീൽ, സിമന്റ്, ചരക്കുനീക്കം എന്നിവയുടെ ഡിമാൻഡും കൂടും. എന്നാൽ, എല്ലാവർക്കും വീടെന്ന സ്വപ്‌നം യാഥാ‌ർത്ഥ്യമാകാൻ ആദ്യം ചെയ്യേണ്ടത് സിമന്റിന്റെ 28 ശതമാനം ജി.എസ്.ടിയിൽ ഇളവ് വരുത്തുകയാണ്. സ്‌റ്രീലിന്റെ 18 ശതമാനം ജി.എസ്.ടിയും പുനഃപരിശോധിക്കണം.

'റെറ" പ്രകാരമുള്ള രജിസ്‌ട്രേഷൻ ആറുമാസത്തേക്ക് നീട്ടിയത് കാര്യമായ ഗുണം ചെയ്യില്ല. വേണ്ടത്, രണ്ടുവർഷത്തേക്ക് കേരളത്തിൽ റെറ നടപ്പാക്കുന്നത് മാറ്റിവയ്ക്കുകയാണ്. അല്ലെങ്കിൽ നിലവിൽ പുരോഗമിക്കുന്ന പദ്ധതികളെ ഒഴിവാക്കുകയെങ്കിലും വേണം.

ചെറുകിട കർഷകർക്ക് നേട്ടം; പക്ഷേ...

നബാർഡ് വഴിയുള്ള വായ്‌പ കർഷകർക്ക് ഏറെ സുഗമമായി കരസ്ഥമാക്കാവുന്നതാണ്. നബാർഡിന്റെ പിന്തുണയോടെ ഗ്രാമീണ, സഹകരണ ബാങ്കുകൾ വഴി കർഷകർക്ക് നിലവിലെ 90,000 കോടി രൂപയ്ക്കു പുറമേ 30,000 കോടി രൂപ കൂടി നൽകാനുള്ള തീരുമാനം വലിയ ആശ്വാസമാകുമെന്ന് പ്രമുഖ കർഷകനും സ്‌റ്രെർലിംഗ് ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്‌ടറുമായ ശിവദാസ് ബി. മേനോൻ പറഞ്ഞു.

കേരളത്തിൽ ഇപ്പോൾ വിളവെടുപ്പ് കഴിഞ്ഞിരിക്കുന്നു. കർഷകർക്കു വേണ്ടത് പണവും വിപണിയുമാണ്. ലോക്ക്ഡൗണിലുണ്ടായ സമ്പത്പ്രശ്നം ഈ വായ്‌പാ സ്‌കീം വഴി പരിഹരിക്കാനാകും. കിസാൻ ക്രെഡിറ്ര് കാർഡ് ഇല്ലാത്ത രണ്ടരക്കോടി കർഷകർക്ക് രണ്ടുലക്ഷം കോടി രൂപയുടെ വായ്‌പാ പിന്തുണ കിട്ടുമെന്നതും സ്വാഗതാർഹം.