മത്സ്യവിലയിൽ ഒരു നിയന്ത്രണവുമില്ല; എല്ലാം തോന്നിയത് പോലെ

Thursday 14 May 2020 11:29 PM IST

ചെറുവത്തൂർ: ഫിഷറീസ് വകുപ്പിന്റെ ഇടപെടലുകളെല്ലാം കാറ്റിപ്പറത്തി മത്സ്യത്തിന് തീവില. ഇത് സാധാരണക്കാരുടെ കീശ കാലിയാക്കുന്നു. മത്സ്യവില തോന്നിയത് പോലെ ഈടാക്കുന്നത് തടയാനായി ഹാർബർ മാനേജ്മെന്റ് സൊസൈറ്റി വില നിശ്ചയിക്കുമെന്ന ഫിഷറീസ് തീരുമാനമാണ് കാറ്റിൽപ്പറത്തുന്നത്. നിശ്ചയിച്ച വിലയുടെ 20 ശതമാനം കൂട്ടി മാത്രമേ പൊതു ജനങ്ങൾക്ക് വിൽപ്പന നടത്താവൂവെന്നാണ് ഫിഷറീസിന്റെ നിർദ്ദേശം.

എന്നാൽ മത്സ്യം മാർക്കറ്റുകളിലെത്തുമ്പോൾ 80 ശതമാനത്തിലേറെ വില ഉയരുന്നുവെന്നാണ് ആക്ഷേപം. ലോക് ഡൗണിന് മുമ്പ് കിലോക്ക് 200 രൂപയുണ്ടായിരുന്ന അയല ഇപ്പോൾ വിൽക്കുന്നത് 400 രൂപയ്ക്കാണ്. 150 രൂപ ഉണ്ടായിരുന്ന നങ്കിന് 300 രൂപയായി. ചെറുമീനുകൾക്ക് (ചരു) കിലോവിന് 150 രൂപക്ക് കച്ചവടക്കാർക്ക് കൈമാറിയത് നേരെ ഇരട്ടിയാക്കി 300 രൂപയ്ക്കാണ് നാട്ടുകാർക്ക് ലഭിച്ചതെന്നും പറയുന്നു.

ഇടനിലക്കാർ വഴി ലേലം

കടലിൽ നിന്നും മടക്കര ഹാർബറിൽ എത്തിക്കാതെ മത്സ്യം നീലേശ്വരം തൈക്കടപ്പുറം എത്തിച്ച‌് ഇടനിലക്കാർ വഴി ലേലം ചെയ‌്തുള്ള വില്പനയും തുടരുന്നു. കഴിഞ്ഞ ദിവസം മടക്കര ഹാർബറിൽ നിന്നും കിലോയ്ക്ക‌് 150 രൂപ തോതിൽ ലഭിച്ച കടൽ ഞണ്ട‌് മാർക്കറ്റിൽ എത്തിയപ്പോൾ 400 രൂപയായി.

നിർദ്ദേശങ്ങളും വെള്ളത്തിലായി

സാമൂഹ്യ അകലവും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും പാലിക്കാതെ മടക്കര തുറമുഖത്തും, മീൻ മാർക്കറ്റുകളിലും കാര്യങ്ങൾ തോന്നിയപോലെയെന്നും ആരോപണം. മാസ്ക് ധരിക്കാതെ കൂട്ടംകൂടി നിന്നുകൊണ്ടാണ് ഇപ്പോഴും മടക്കരയിൽ മീൻലേലമെന്നാണ് പറയുന്നത്.

പുഴ മത്സ്യം പൊള്ളും

ലോക്ക‌് ഡൗൺ കർശനമായി നടക്കുന്ന സമയത്ത‌് പുഴ മത്സ്യത്തിന് കിലോക്ക‌് 600 മുതൽ 1000 രൂപ വരെ ഈടാക്കിയിരുന്നു. ഇതും ഒരു നിയന്ത്രണവുമില്ലാതെ ഇപ്പോഴും തുടരുകയാണ‌്. പുറം മാർക്കറ്റുകളിലോ ചില്ലറ വിൽപനക്കാരോ മീനുകൾക്ക‌് നിയന്ത്രണമില്ലാതെ വില ഈടാക്കുന്നത‌് തടയാൻ ഒരു നടപടിയും ഇതുവരെയായും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.

എല്ലാത്തരം മത്സ്യങ്ങൾക്കും ഇരട്ടി വിലയാണ് കൊടുക്കേണ്ടി വരുന്നത്. ഏതു പ്രത്യേക സാഹചര്യമാണ് വിലക്കയറ്റത്തിനെന്നറിയില്ല.

നാട്ടുകാർ

മത്സ്യവില ഇങ്ങനെ

ചെമ്മീൻ 400

നങ്ക‌് 300

അയല 400