ബാങ്ക് വായ്‌പകളിൽ 72% റെഡ് സോണുകളിൽ

Friday 15 May 2020 3:18 AM IST

 ലോക്ക്ഡൗൺ ഇളവുണ്ടായില്ലെങ്കിൽ സമ്പദ്ആഘാതം രൂക്ഷമാകും

കൊച്ചി: ബാങ്കുകൾ ഇതുവരെ അനുവദിച്ച വായ്‌പകളിൽ 72 ശതമാനവും നിക്ഷേപങ്ങളിൽ 62 ശതമാനവും രാജ്യത്തെ കൊവിഡ് തീവ്രബാധിത മേഖലകളിൽ (റെഡ് സോണുകൾ) ആണെന്ന് റിപ്പോർട്ട്. ഇവിടങ്ങളിൽ ലോക്ക്ഡൗണിൽ ഇളവുണ്ടാകുകയും വ്യവസായ-വാണിജ്യ ഇടപാടുകൾ പുനരാരംഭിക്കുകയും ചെയ്‌തില്ലെങ്കിൽ അത് ബാങ്കുകൾക്ക് കനത്ത സാമ്പത്തിക ആഘാതമാകും.

2019 ഡിസംബറിലെ കണക്കുപ്രകാരം വായ്‌പകളുടെ മൂല്യം 100.7 ലക്ഷം കോടി രൂപയാണ്. നിക്ഷേപം 132.9 ലക്ഷം കോടി രൂപ. ഇതിൽ വായ്‌പകളിലെ 72 ലക്ഷം കോടി രൂപയും നിക്ഷേപങ്ങളിലെ 82.5 ലക്ഷം കോടി രൂപയും റെഡ് സോണുകളിലാണെന്ന് കെയ‌ർ റേറ്രിംഗ്‌സിന്റെ റിപ്പോർട്ട് വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കൊവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്തെ റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളാക്കി തിരിച്ചത്.

ഇതിൽ, ഓറഞ്ച്, ഗ്രീൻ സോണുകളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകളുണ്ട്. റെഡ് സോണുകളിലും നിബന്ധനകൾക്ക് വിധേയമായി ഇളവുകൾ അനുവദിച്ചില്ലെങ്കിൽ ബാങ്കുകളുടെ ബാലൻസ് ഷീറ്രിനുമേൽ അത് കനത്ത സമർദ്ദമുണ്ടാക്കും. റെഡ് സോണുകളിൽ പശ്‌ചിമ മേഖലയാണ് വായ്‌പകളിൽ 41 ശതമാനം വിഹിതവുമായി മുന്നിലുള്ളത്. 24 ശതമാനമാണ് ദക്ഷിണ മേഖലയുടെ വിഹിതം. ഉത്തര മേഖലയുടേത് 21 ശതമാനം.

പശ്‌ചിമ മേഖലയിൽ മുംബയാണ് റെഡ് സോണുകളിലെ വായ്പകളിൽ മുന്നിൽ. മുംബയ് നഗരവും രണ്ട് ജില്ലകളിലും കൂടി ചേർന്ന് വഹിക്കുന്ന വിഹിതം 72 ശതമാനം. രാജ്യത്തെ മൊത്തം റെഡ് സോൺ വായ്‌പകളുടെ 21 ശതമാനമാണ്. രാജ്യത്തെ റെഡ് സോണുകളിൽ 30 ശതമാനവും മുംബയിലാണ്.