ലോക്ക്ഡൗൺ: ഡിമാൻഡില്ല; മൊത്തവിലക്കയറ്റം താഴേക്ക്
കൊച്ചി: ലോക്ക്ഡൗണിൽ ഉത്‌പന്നങ്ങൾക്ക് ഡിമാൻഡ് കുറഞ്ഞതോടെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള (ഹോൾസെയിൽ) നാണയപ്പെരുപ്പം ഇടിയുന്നു. ഏപ്രിലിൽ മൊത്തവില നാണയപ്പെരുപ്പം 3.60 ശതമാനമാണ്. മാർച്ചിൽ ഇത് 5.49 ശതമാനമായിരുന്നു. ലോക്ക്ഡൗൺ മൂലം, ഇടപാടുകൾ അനുവദിച്ച ഉത്‌പന്നങ്ങളുടെ വില്പന വിവരം അടിസ്ഥാനമാക്കിയാണ് ഏപ്രിലിലെ മൊത്തവില നാണയപ്പെരുപ്പം നിർണയിച്ചതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
മൊത്തവില സൂചികയിലെ (ഡബ്ള്യു.പി.ഐ ഇൻഡക്‌സ്) എല്ലാ ഉത്‌പന്നങ്ങളുടെയും വില നിലവാരം കണക്കാക്കാൻ കഴിഞ്ഞില്ലെന്നും മന്ത്രാലയം പറഞ്ഞു. അതേസമയം, ലോക്ക്ഡൗണിൽ ഭക്ഷ്യവസ്‌തുക്കൾക്ക് ഡിമാൻഡ് ഉണ്ടെന്നതും എന്നാൽ, ലഭ്യതക്കുറവുള്ളതിനാലും ഭക്ഷ്യവില നിലവാരം മൊത്തവില സൂചികയിലും ഉപഭോക്തൃ വില സൂചിക (റീട്ടെയിൽ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പ സൂചികയിലും വൈരുദ്ധ്യ ട്രെൻഡാണ് കാട്ടുന്നത്.
ഭക്ഷ്യവസ്‌തുക്കൾക്ക്, പ്രത്യേകിച്ച് പച്ചക്കറികൾക്ക് മികച്ച ഡിമാൻഡ് ഉള്ളതിനാൽ റീട്ടെയിൽ നാണയപ്പെരുപ്പ സൂചികയിൽ ഭക്ഷ്യവില നിലവാരം ഉയരുകയാണ്. എന്നാൽ, ലോക്ക്ഡൗണിൽ ഉത്‌പാദനം കുറഞ്ഞതും ചരക്കുനീക്കം നിലച്ചതും മൂലം മൊത്ത കച്ചവടത്തിന് ഏറ്റ മങ്ങലാണ്, ഭക്ഷ്യ വസ്‌തുക്കളുടെ മൊത്തവില നിലവാരം താഴാൻ ഇടയാക്കിയത്.