ലോകത്ത് മാസ്‌കിടാത്ത ഒരാൾ

Friday 15 May 2020 1:19 AM IST

ലോകം മുഴുവൻ ധരിച്ചിട്ടും മാസ്‌കിടാത്ത ഒരാളുണ്ട്.

ഡൊണാൾഡ് ട്രംപ്.

അദ്ദേഹം ഭരിക്കുന്ന രാജ്യത്താണ് പ്രജകൾ ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ച് മരിക്കുന്നത്.എന്നിട്ടും പുള്ളിക്കാരൻ മാസ്‌കിടത്തില്ല. അതെന്തുകൊണ്ടാവും?

കൊവിഡിന്റെ മുന്നിൽ അമേരിക്കൻ പ്രസിഡന്റ് മാസ്‌കിട്ട് നിൽക്കുന്നത് ഒരു പരാജയമാണെന്ന് അദ്ദേഹം കരുതുന്നുണ്ടാവാം. അമേരിക്കക്കാരൻ ശത്രുവിന്റെ മുന്നിൽ തലകുനിക്കാനോ തോൽക്കാനോ മാസ്കിടാനോ പാടില്ല എന്ന വികാരമാവും അദ്ദേഹത്തെ നയിക്കുന്നത്.

ട്രംപ് മാസ്‌കിടാത്തതിനെ അവിടത്തെ മാദ്ധ്യമങ്ങളും പൗരന്മാരും വിമർശിക്കാൻ മുതിർന്നിട്ടില്ല. കൊവിഡിനെ മാസ്‌കിട്ട് സ്വീകരിക്കണോ മാസ്‌കിടാതെ സ്വീകരിക്കണോ എന്ന് തീരുമാനിക്കാൻ ഒരു സ്വതന്ത്ര പൗരന് സ്വാതന്ത്ര്യമുണ്ട് എന്ന മട്ടിലാണ് അമേരിക്കൻ പൗരൻ ചിന്തിക്കുന്നത്. അതിനാൽ വിമർശനം ഉണ്ടാവില്ല.

മാത്രമല്ല 'അമേരിക്ക ഗ്രേറ്റ്" എന്ന് എപ്പോഴും ഉരുവിടുന്ന അമേരിക്കൻ പ്രസിഡന്റ് ചൈനയിൽ നിന്നു വന്ന വൈറസിന്റെ മുന്നിൽ മാസ്‌കിട്ട് വന്ദ്യവയോധിക വിനീതനായി നിൽക്കുന്നതിൽപ്പരം നാണക്കേട് മറ്റെന്തുണ്ട്!

ഊതിവീർപ്പിച്ച അമേരിക്കൻ പ്രൈസിന്റെ പ്രതീകമാണ് പ്രസിഡന്റ് ട്രംപ്.അതിനാൽ അദ്ദേഹം മാസ്‌കിടുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല.

ശത്രുവിനെ അവന്റെ മടയിൽ പോയി വധിക്കുന്നതാണ് അമേരിക്കൻ രീതി. അത് സദ്ദാമായാലും ശരി, ലാദനായാലും ശരി, കൊവിഡായാലും ശരി. അങ്ങനെയൊക്കെയുള്ള അമേരിക്കക്കാരുടെ പ്രതിപുരുഷൻ വായ് മൂടി കെട്ടി നിൽക്കുക എന്ന് പറഞ്ഞാൽ.

മാത്രമല്ല ട്രംപ് വാ മൂടിയാൽ വല്ലപ്പോഴുമൊക്കെ ചിരിക്കാനുള്ള വകയും ലോകത്തിന് നഷ്ടപ്പെടും.

അണുനാശിനി കുത്തിവച്ചാൽ കൊവിഡിനെ തുരത്താമെന്ന് അടുത്തിടെയല്ലെ അദ്ദേഹം പറഞ്ഞത്.

ഇന്ത്യയിൽ വന്നപ്പോഴും സ്വാമി വിവേകാനന്ദന്റെ പേര് പറഞ്ഞൊപ്പിച്ച് ഇന്ത്യക്കാർക്ക് ചിരിക്കാൻ വക നൽകിയില്ലേ.

ലോകത്തിലെ മറ്റ് രാഷ്ട്രീയക്കാരിൽ നിന്ന് എന്നാൽ ട്രംപിന് ഒരു വ്യത്യാസമുണ്ട്. അദ്ദേഹം വായിൽ തോന്നുന്നത് അതുപോലെ പറയും. പൊതുവെ രാഷ്ട്രീയക്കാർ, അതേത് മണ്ണിലായാലും ശരി, തന്ത്രപരമായേ സംസാരിക്കൂ. അതിനാൽ അവർ പറയുന്നത് സത്യമാണോ അല്ലയോ എന്ന് മനസിലാക്കാൻ വലിയ ബുദ്ധിമുട്ടാണ്.

ഉദാഹരണത്തിന് അധികാരമേറ്റതിന് പുറമെ ട്രംപ് പറഞ്ഞത് മെക്സിക്കോയിൽ നിന്നുള്ള ദരിദ്രവാസികൾ വരുന്നത് തടയാൻ അതിർത്തിയിൽ അമേരിക്ക മതിൽ കെട്ടുമെന്നാണ്.

ഒബാമയാണെങ്കിൽ അങ്ങനെ പറയില്ല. പകരം 'കുടിയേറ്റം തടയാൻ അതിശക്തമായ നടപടി സ്വീകരിക്കും" എന്നാവും പറയുക. ലോകത്തിലെ ഒട്ടുമുക്കാലും രാഷ്ട്രീയ നേതാക്കളുടെയും സംസാര രീതി അങ്ങനെയാണ്. തേച്ച് മിനുക്കിയ ഭാഷ പറഞ്ഞ് അവർ ജനങ്ങളെ കമഴ്‌ത്തും.

ട്രംപും പറ്റിക്കുന്നുണ്ടാവാം. പക്ഷേ അത് തനിക്ക് തോന്നുന്നത് അതുപോലെ പറഞ്ഞിട്ടാണ്.