49-ാം നാൾ കൊവിഡ് സുല്ലിട്ടു; മേരി സുജാത പുഞ്ചിരിച്ചു മടങ്ങി

Friday 15 May 2020 1:24 AM IST

 വാർഡിൽ ഏറ്റവും കൂടുതൽ ദിനം

കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ 49 ദിവസത്തെ വാസത്തിനുശേഷം പ്രാക്കുളം സ്വദേശി മേരി സുജാത (43) രോഗം ഭേദമായി മടങ്ങിയപ്പോൾ ആശ്വസിച്ചത് ഡോക്ടർമാർ കൂടിയാണ്. 13 തവണ ഇവരുടെ സ്രവം പരിശോധിച്ചു. ഇതിൽ അവസാനത്തെ രണ്ട് ഫലങ്ങൾ മാത്രമാണ് നെഗറ്റീവായത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദിവസം കൊവിഡ് വാർഡിൽ ചികിത്സയിൽ കഴിഞ്ഞത് മേരി സുജാതയാണ്. ഇതിനു മുമ്പ് പത്തനംതിട്ട റാന്നി സ്വദേശി ഷേർളി 47 ദിവസം കഴിഞ്ഞിരുന്നു.

സഹോദരീ ഭർത്താവിന് രോഗം സ്ഥിരീകരിച്ച മാർച്ച് 27ന് വാർഡിൽ എത്തിയതാണ് മേരി സുജാത. 31ന് വൈകിട്ട് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് പകർന്നത്.

കൊല്ലം ജില്ല കൊവിഡ് മുക്തം

മേരി സുജാതയ്ക്കു പുറമേ പുനലൂർ വാളക്കോട് സ്വദേശി ഹഫ്സയ്ക്കും (27) രോഗം ഭേദമായതോടെ കൊല്ലം ജില്ല കൊവിഡ് മുക്തമായി. ബുധനാഴ്ച രോഗം ഭേദമായ ഭർത്താവ് അബ്ദുൾ ഖാദറിന്റെ കരം പിടിച്ചാണ് ഹഫ്സ ആശുപത്രി വിട്ടത്. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ഹഫ്സയ്ക്ക് ഏപ്രിൽ 2നും അബ്ദുൾ ഖാദറിന് 4നുമാണ് രോഗം സ്ഥിരീകരിച്ചത്.