കൊവിഡ് ബാധിച്ച നഴ്സ് പ്രസവിച്ചു

Friday 15 May 2020 1:26 AM IST

പത്തനംതിട്ട: കുവൈറ്റിൽ നിന്നെത്തി തിരുവല്ല കടപ്രയിലെ വീട്ടിൽ ക്വാറന്റൈനീൽ കഴിയവെ കോവിഡ് സ്ഥിരീകരിച്ച ഗർഭിണിയായ നഴ്‌സ് പ്രസവിച്ചു. സിസേറിയനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. അമ്മയും പെൺകുഞ്ഞും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സുഖമായിരിക്കുന്നു. കുവൈറ്റിലെ ആശുപത്രിയിൽ നഴ്സായ ഇരുപത്തിയാറുകാരി അവിടെ കൊവിഡ് രോഗികളെ പരിശോധിച്ചിരുന്നു.

ഇക്കഴിഞ്ഞ ഒൻപതിനാണ് പൂർണ ഗർഭിണിയായ യുവതി നാട്ടിലെത്തിയത്. ഭർത്താവ് കുവൈറ്റിലാണ്.

നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് വീട്ടിലെത്തി ക്വാറന്റൈനിലാവുകയായിരുന്നു. കൊവിഡ് പരിശോധനയുടെ ഫലം ഇന്നലെ രാത്രിയാണ് ലഭിച്ചത്. തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അസ്വസ്ഥത അനുഭവപ്പെട്ടതിനേതുടർന്ന് ഉച്ചയോടെ കൊവിഡ് മുൻകരുതലുകൾ സ്വീകരിച്ച് സിസേറിയന് വിധേയമാക്കുകയായിരുന്നു. 3.5 കിലോഗ്രാം തൂക്കമുള്ള കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിന്റെ സ്രവങ്ങൾ പരിശോധിക്കും. അമ്മയെയും കുഞ്ഞിനെയും പ്രത്യേക ഐസൊലേഷൻ വാർഡിലാക്കി.