റെഡിയാണോ; പണി തരാൻ ആപ്പുണ്ട്

Friday 15 May 2020 1:50 PM IST

കോലഞ്ചേരി: കൊവിഡു കാലത്ത് മടങ്ങി​യെത്തി​യ പ്രവാസികൾ ജോലിചെയ്യാൻ റെഡിയാണെങ്കിൽ പണിതരാൻ 'ആപ്പ്' ഉണ്ട്. സംസ്ഥാന സർക്കാരിന്റെ 'സ്‌കിൽ രജിസ്ട്രി ' മൊബൈൽ ആപ്ലിക്കേഷനാണ് സഹായി​.

കേരള അക്കാഡമി ഫോർ എക്‌സലൻസ്, വ്യാവസായിക പരിശീലന വകുപ്പിന്റെയും കുടുംബശ്രീയുടെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെയും സഹകരണത്തോടെ ഒരു വർഷം മുമ്പാണ് ആപ്പിന് തുടക്കമിട്ടത്. ഇപ്പോൾ പ്രവാസികളുടെ തിരിച്ചുവരവോടെ ആപ്പ് വീണ്ടും സജീവമാക്കുകയാണ്.

ആദ്യവിഭാഗത്തിൽ ഗൃഹോപകരണങ്ങളുടെ സർവ്വീസിംഗുകാരാണ്. ഡ്രൈവർമാർ, വീട്ടുജോലിക്കാർ, ക്ലീനിംഗ് തൊഴിലാളികൾ, തെങ്ങുകയ​റ്റക്കാർ, തുണി അലക്കുകയും തേക്കുകയും ചെയ്യുന്നവർ, ഡേ കെയറുകൾ, ഹോം നഴ്‌സുമാർ, വയോജന പരിപാലകർ, കുട്ടികളെ നോക്കുന്നവർ, വീടുകളിലെത്തി പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവ പരിശോധിക്കുന്നവർ എന്നിവർ ഈ സർവീസിലുൾപ്പെടും.

#സ്‌കിൽ രജിസ്ട്രി ആർക്കും ഉപയോഗപ്പെടുത്താം

പ്രവാസികൾക്ക് മാത്രമല്ല, ആർക്കും ഈ സേവനം ഉപയോഗപ്പെടുത്താം. മരപ്പണിക്കാരനോ, പ്ലംബറോ, ഇലക്ട്രീഷ്യനോ കെട്ടിടനിർമ്മാണ തൊഴിലാളിയോ ആരായാലും അവസരമുണ്ട്. അടിയന്തരാവശ്യത്തിന് ഒന്നോ രണ്ടോ മണിക്കൂർ മാത്രം തൊഴിലാളികളെ ആവശ്യമുള്ളവർക്കും ഈ ആപ്പ് ഉപയോഗപ്പെടുത്താം.

#രജിസ്​റ്റർ ചെയ്യാം ഗൂഗിൾ പ്ലേ സ്​റ്റോറിൽ നിന്ന് സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്ത് തൊഴിലാളിയായോ തൊഴിൽ ദായകനായോ രജിസ്​റ്റർ ചെയ്യാം. തൊഴിൽ കൂലി, തിരിച്ചറിയൽ രേഖ എന്നിവ നിർബന്ധമായും അപ്‌ലോഡ് ചെയ്യണം. പരിശീലനം നേടിയവർ കോഴ്‌സ് സർട്ടിഫിക്ക​റ്റും അല്ലാത്തവർ തദ്ദേശസ്വയംഭരണ സ്ഥാപന വാർഡംഗത്തിന്റെ സാക്ഷ്യപത്രവും സമർപ്പിക്കണം. സംശയങ്ങൾ പരിഹരിക്കുന്നതിന് സമീപത്തെ സർക്കാർ ഐ.ടി.ഐയിലോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലോ ബന്ധപ്പെടണം.