വീണ്ടും ഇറങ്ങിത്തുടങ്ങിയപ്പോൾ ഒരു ദിവസത്തേക്ക് ബാബു വക ഫ്രീ മീൻ

Saturday 16 May 2020 12:08 AM IST

വടകര: ലോക്ക് ഡൗണിൽ വീട്ടിലൊതുങ്ങിയവർക്ക് മുന്നിൽ വ്യത്യസ്‌തനാം മീൻ കച്ചവടക്കാരനായി എത്തിയിരിക്കുകയാണ് പയ്യത്തൂരിലെ തടത്തിൽ വയൽക്കുനി ബാബു. പുറത്തിറങ്ങാൻ ഇളവ് ലഭിച്ചതോടെ ബാബു മത്സ്യ വില്പന തുടങ്ങിയത് ഒരു ദിവസത്തെ മീൻ സൗജന്യമായി നൽകിയാണ്.

നാല് പതിറ്റാണ്ടായി മത്സ്യക്കച്ചവടക്കാരനാണ് ഈ 57 കാരൻ. മീൻ വാങ്ങി സഹകരിച്ചവർ വീട്ടിലേക്കൊതുങ്ങിയപ്പോൾ തന്നാലാകുന്ന സഹായമെത്തിക്കണം എന്ന ചിന്തയിൽ നിന്നാണ് സൗജന്യ മത്സ്യമെന്ന ആശയത്തിലേക്ക് ബാബുവിനെ എത്തിച്ചത്. സൗജന്യ മത്സ്യം കിട്ടാതയവർ പറഞ്ഞപ്പോഴാണ് ബാബിവിന്റെ ആശയം വീട്ടുകാർ പോലുമറിഞ്ഞത്. കിട്ടാത്തവർക്ക് തുടർന്നുള്ള ദിവസങ്ങളിൽ മത്സ്യം ലഭ്യമാക്കുമെന്ന് ബാബു പറഞ്ഞു. ബാബുവിന്റെ പ്രവർത്തനം സാമൂഹ്യ മാദ്ധ്യമങ്ങളിലും ചർച്ചയാവുകയാണ്.

12-ാം വയസിലാണ് ബാബു മത്സ്യക്കച്ചവടത്തിന് ഇറങ്ങിയത്. തെങ്ങോല കുട്ടയിൽ തുടങ്ങി തക്കാളി കുട്ടയിലും കാവടിയിലുമെത്തി നിൽക്കുകയാണ് ബാബു. മറ്റുള്ളവരോട് മത്സരമില്ലാതെ ബാബു ഇന്നും കാവടി ചുമലിലാക്കിയാണ് വില്പന. ചോമ്പാൽ ഹാർബറിൽ നിന്നാണ് മീനെടുക്കുന്നത്. ഏറാമല കുന്നുമ്മക്കര മുക്കിലെ പീടിക മുതൽ തുരുത്തിമുക്ക് വരെയുള്ള നൂറ്റി പത്ത് പേർക്കാണ് ബാബു സ്ഥിരമായി മത്സ്യമെത്തിക്കുന്നത്. ഭാര്യയും ഡിഗ്രിക്ക് പഠിക്കുന്ന രണ്ട് പെൺകുട്ടികളുമാണ് ബാബുവിന്റെ കുടുംബം.