ബസ് ചാർജ് ഇരട്ടിയാക്കാൻ ഗതാഗത വകുപ്പിന്റെ ശുപാർശ

Saturday 16 May 2020 12:03 AM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ കഴിഞ്ഞ് സർവീസ് ആരംഭിക്കുമ്പോൾ ബസ് ചാർജ് ഇരട്ടിയാക്കണമെന്ന് ഗതാഗത വകുപ്പ് മുഖ്യമന്ത്രിയോട് ശുപാർശ ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര നടക്കില്ലെന്നും പ്രത്യേക യാത്രാ സംവിധാനം ഒരുക്കണമെന്നും ശുപാർശയിലുണ്ട്. അന്തിമ തീരുമാനം മന്ത്രിസഭായോഗം കൈക്കൊള്ളും.ഡീസൽ നികുതി കുറയ്ക്കണമെന്ന ആവശ്യം കേന്ദ്ര,​ സംസ്ഥാന സർക്കാരുകൾ നിരാകരിച്ചതു കൊണ്ടാണ് അമിതഭാരം യാത്രക്കാരനിലിരിക്കട്ടെയെന്ന് ഇന്നലെ വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ധാരണയായത്.18 മുതൽ സർവീസുകൾ നടത്തേണ്ടിവന്നാൽ സാമൂഹ്യ അകലം പാലിച്ച് രണ്ടു പേർക്കുള്ള സീറ്റിൽ ഒരു യാത്രക്കാരനെ മാത്രമേ ഇരുത്താനാവൂ. സാമൂഹ്യ അകലം തുടരുന്നിടത്തോളം ഇരട്ടി നിരക്കും തുടരണം. അതു കഴിയുമ്പോൾ പഴയ നിരക്കിലേക്ക് തിരിച്ചു പോകുന്നത് ആലോചിക്കാമെന്നും ഗതാഗത വകുപ്പ് പറയുന്നു.അതേസമയം, ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയാലും ഒരു മാസം 42 കോടി രൂപ അധികമായി കണ്ടെത്തേണ്ടിവരുമെന്ന് കെ.എസ്.ആർ.ടി.സി ഗതാഗത മന്ത്രിയെ അറിയിച്ചു.