മൊബൈൽ ഫോൺ നെറ്റ് വർക്കുകൾ ഡൗണായി, വിളിച്ചാൽ വിളിപ്പുറത്തില്ല
അടൂർ : ലോക്ക് ഡൗണിൽ ഉപഭോക്താക്കൾ വീട്ടിലിരിപ്പ് ആയതോടെ 4 ജി, 3 ജി എന്നുള്ള വേർതിരിവ് ഇല്ലാതെ മൊബൈൽ ഫോൺ നെറ്റ് വർക്ക് സംവിധാനങ്ങൾ ഡൗണായി. വിളിക്കുന്ന നമ്പർനിലവില്ല, ഇൗ നമ്പരിലേക്കുള്ള സേവനം ലഭ്യമല്ല, നമ്പർ സ്വിച്ച് ഒഫ് ആണ്, പരിധിക്ക് പുറത്താണ്... തുടങ്ങിയ സന്ദേശങ്ങളാണ് മൊബൈൽ ഫോണുകളിലേക്ക് വിളിച്ചാൽ പലപ്പോഴും ലഭിക്കുക. വിളിക്കുന്ന നമ്പരുമായി കണക്ടായാൽ തന്നെ ചെവി അടയ്ക്കും വിധമുള്ള അരോചകമായ ശബ്ദവും കേൾക്കേണ്ടിവരും. കാൾ വന്നാലും ശബ്ദം വ്യക്തമല്ല. പലരും വ്യക്തമായി കേൾക്കാൻ മൊബൈലുമായി വീടിന് പുറത്തേക്ക് ഒാടുകയാണ്. ലോക്ക് ഡൗണിൽപ്പെട്ട് വീട്ടിൽ കഴിയുന്നവർ സമയം കളയുന്നത് മൊബൈൽ ഫോണിലൂടെയാണ്. ചിലർ സിനിമ ഡൗൺലോഡ് ചെയ്ത് കാണും. കുട്ടികൾ വിവിധ ഗെയിമുകളുമായി ഉല്ലസിക്കുമ്പോൾ മറ്റ് ചിലർ സമൂഹ മാദ്ധ്യമങ്ങളാകും ഉപയോഗിക്കുക. വിദേശത്തുള്ളവരുമായി മുഖാമുഖം സംസാരിക്കാൻ ഉതകുന്ന ഐ.എം.ഒ പോലെയുള്ള ആപ്പുകൾ ഉപയോഗിക്കുന്നവരുമേറി. എന്തിനേറെ എവിടെ തിരിഞ്ഞാലും മൊബൈൽ ഫോണിൽ തോണ്ടുന്നവരെയാണ് കാണാനാകുക. ഫോണിൽ സമയം ചെലവിടുന്നവർ കൂടിയതോടെ നെറ്റ് വർക്കുകളും നിരങ്ങി നീങ്ങുകയാണ്. ഒരു ടവറിന് താങ്ങാൻ കഴിയുന്നതിലേറെ അളവിലുള്ള ഉപഭോഗമാണ് ഇപ്പോൾ നടക്കുന്നത്. 4ജി ലഭ്യമായ നെറ്റ് വർക്കുകൾ പോലും 2ജി നിലവാരത്തിലേക്ക് താഴ്ന്നു.
ബി.എസ്.എൻ.എൽ ടവറിൽ
ബി.എസ്.എൻ.എല്ലിന്റെ 3ജി ടവറുകളിൽ കുറഞ്ഞത് മൂന്ന് ഏരിയലുകൾ ഉണ്ടാകും. ഒരു ഏരിയൽ വഴി ഒരേ സമയം 64 പേർക്ക് വരെ മൊബൈൽ സേവനം ലഭ്യമാകും. 30 മുതൽ 35 പേർ വരെ ഉപയോഗിച്ചാൽ മതിയായ സ്പീഡ് ലഭിക്കും. ഉപഭോക്താക്കളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് നെറ്റ് വർക്കിന്റെ വേഗം കുറയും.
ലോക്ക് ഡൗൺ കാലമായതോടെ പകൽ സമയത്തെ ഡേറ്റാ ഉപയോഗം നാലിരട്ടി വർദ്ധിച്ചു. ടവറുകളുടെ ശേഷിക്കും അപ്പുറമാണ് ഉപയോഗം. ഭൂരിപക്ഷം നെറ്റ് വർക്കുകളും നിരങ്ങി നീങ്ങുന്നതിനും വ്യക്തമായ ശബ്ദവീചികൾ ലഭിക്കാതെ വരുന്നതിനും കാരണമിതാണ്.
ഗീവർഗീസ് കോശി
സബ് ഡിവിഷണൽ എൻജിനിയർ (മൊബൈൽ )
ബി.എസ്.എൻ.എൽ