ലോക്ക് ഡൗണിലും വേതനം കിട്ടാതെ ലൈബ്രേറിയൻമാർ

Friday 15 May 2020 11:04 PM IST

തൃക്കരിപ്പൂർ: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാരണം ദുരിതത്തിലായ ജനങ്ങൾക്കായി സൗജന്യ റേഷനും അഡ്വാൻസ് പെൻഷൻ വിതരണ മടക്കമുള്ള സൗകര്യങ്ങളുമായി സർക്കാർ ചരിത്രത്തിലില്ലാത്ത സഹായം നൽകുമ്പോഴും ആറു മാസത്തിലേറെയായി സംസ്ഥാനത്തെ ലൈബ്രറികളിൽ തുച്ഛമായ അലവൻസിൽ ജോലി ചെയ്യുന്ന ലൈബ്രേറിയൻമാർ പട്ടിണിയിൽ. 2019 ഒക്ടോബർ മുതൽ ലഭിക്കാനുള്ള അലവൻസാണ് ഇനിയും വിതരണം ചെയ്യാത്തത്.

. 2019 ഒക്ടോബർ മുതൽ ലഭിക്കാനുള്ള അലവൻസ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ അക്കൗണ്ടിൽ കിടക്കുന്നുണ്ടെങ്കിലും അത് വിതരണം ചെയ്യാത്തതാണ് ലൈബ്രേറിയൻമാരെ ദുരിതത്തിലാക്കിയത്. ലോക്ക്ഡൗണിന് മുമ്പായി തന്നെ സർക്കാർ അനുവദിച്ച ആറു മാസത്തെ അലവൻസ് സംസ്ഥാന ലൈബ്രറി കൗൺസിലിന് കൈമാറിയിരുന്നു. തുടർന്ന് ഈ തുക ജില്ലാ ലൈബ്രറി കൗൺസിലുകൾ മുഖാന്തിരം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ അക്കൗണ്ടിൽ എത്തിയെന്നാണ് വിവരം. എന്നാൽ താലൂക്ക് ലൈബ്രറി കൗൺസിൽ അധികൃതരുടെ അലസമായ സമീപനമാണ് ലഭിച്ച ഫണ്ട് വിതരണം ചെയ്യാൻ കഴിയാത്തതിന് പിന്നിലെന്നാണ് ആക്ഷേപം.

അലവൻസിനായി കാത്ത് എണ്ണായിരത്തോളം ലൈബ്രേറിയൻമാർ

സംസ്ഥാനത്ത് നിലവിൽ എണ്ണായിരത്തോളം ലൈബ്രറികൾ വിവിധ കാറ്റഗറിയിലായി പ്രവർത്തിച്ചു വരുന്നുണ്ട്. അത്രത്തോളം തന്നെ ലൈബ്രേറിയൻമാരുമുണ്ട്. ലോക്ക് ഡൗൺ കാരണം ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങരുതെന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. എ പ്ലസ് ലൈബ്രറികളിലെ ലൈബ്രേറിയൻമാർക്ക് 5000 രൂപ, എ, ബി, സി ഗ്രേഡുകൾക്ക് 3120 രൂപ,ഡി, ഇ, എഫ് ലൈബ്രറികൾക്ക് 2820 രൂപയുമാണ് പ്രതിമാസ അലവൻസായി ലഭിക്കേണ്ടത്. ആറുമാസത്തേക്ക് ഒന്നിച്ചാണ് ഈ തുക നൽകാറുള്ളത്.