2 കൊല്ലം പ്രളയം പറ്റിച്ചു; ഇനി പിടി കൊടുക്കാതിരിക്കാൻ 'ചേറ്റാടി"യുമായി നെൽക്കർഷകൻ

Saturday 16 May 2020 12:20 AM IST

പരപ്പനങ്ങാടി : പ്രളയത്തിൽ തുടർച്ചയായി രണ്ടുതവണ നഷ്ടമുണ്ടായതോടെ ഇപ്രാവശ്യം ചില പരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണ് പരപ്പനങ്ങാടിയിലെ നെൽക്കർഷകനായ എം.പി. മുഹമ്മദ്. പ്രളയത്തെ അതിജീവിക്കാനാകുമെന്ന് കരുതുന്ന ചേറ്റാടി എന്ന നെൽവിത്തുമായാണ് 61കാരനായ മുഹമ്മദ് ഇത്തവണ കൃഷിക്കൊരുങ്ങുന്നത്. വിത്ത് മുളച്ചു വളർന്നാൽ വേര് ചീഞ്ഞുപോകില്ലെന്നതിനാൽ പ്രളയത്തെ അതിജീവിക്കാൻ ചേറ്റാടിക്കു കഴിയുമെന്നാണ് കരുതുന്നത്. എളുപ്പം ചീഞ്ഞു പോകാത്ത തരത്തിൽ പുഷ്ടിയോടു കൂടിയ തണ്ട് ആണ് ഇതിന്റെ പ്രത്യേകത.നെല്ല് വിളയുമ്പോഴേക്കും ആറടിയോളം ഉയരത്തിലെത്തും. മൂപ്പെത്താൻ എട്ടുമാസമെടുക്കും.

പൊടിവിത രീതിയിലാണ് കൃഷി . ഒരുവിധം വലുതാകുമ്പോൾ നെൽച്ചെടിയുടെ ഓല അരിഞ്ഞു കൊടുക്കണം . സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനാണ് മുഹമ്മദ് കൃഷി ചെയ്യുന്നത്. വിവിധ ഇനത്തിൽപെട്ട ഇരുപതോളം പശുക്കളുടെ ഉടമസ്ഥൻ കൂടിയാണ് മുഹമ്മദ് . അതിനാൽ വൈക്കോലിനായി അലയേണ്ട പ്രയാസവുമുണ്ടാവില്ല.

തണ്ടാണിപ്പുഴ പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പുന്നെപാടത്താണ് എം.പി മുഹമ്മദ് കൃഷി ചെയ്യുന്നത്. പരപ്പനങ്ങാടി കൃഷി ഓഫീസർ പാട്ടശ്ശേരി സുമയ്യ കൃഷി ഉദ്ഘാടനം ചെയ്തു . പാടശേഖര സമിതി സെക്രട്ടറി കെ.കെ. മുസ്തഫ , കൃഷി അസിസ്റ്റന്റ് വിവേക് കുറ്റിപ്പുറം തുടങ്ങിയവർ സംബന്ധിച്ചു .