വലംകൈയിൽ വിരിയുന്ന കൗതുകങ്ങൾ

Saturday 16 May 2020 12:42 AM IST
സനിൽ വീട്ടിൽ പേപ്പർ വീട് നിർമ്മാണത്തിൽ

കൊല്ലം: ഇടത് കൈയില്ലാതെയായിരുന്നു സനിലിന്റെ ജനനം. കുട്ടിക്കാലം മുതലേ വലംകൈ കൊണ്ട് ബാറ്റ് പിടിച്ചും ക്രിക്കറ്റ് കളിച്ചും പന്തെറിഞ്ഞുമൊക്കെ ഇടം കൈയ്യുടെ അഭാവം മറക്കുമായിരുന്നു. ലോക്ക് ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ വലംകൈയാൽ തീർത്തത് മനോഹരമായ പേപ്പർ ശില്പങ്ങളും അലങ്കാര കൗതുകങ്ങളുമാണ്. കൊട്ടാരക്കര വെണ്ടാർ ഇടക്കടമ്പ് മിനി മന്ദിരത്തിൽ സന്തോഷ്- മിനിമോൾ ദമ്പതികളുടെ ഏക മകനായ സനിൽ ഇപ്പോൾ ശാസ്താംകോട്ട ദേവസ്വംബോർഡ് കോളേജിലെ രണ്ടാംവർഷ ബികോം വിദ്യാർത്ഥിയാണ്.

വീട്ടിലിരുന്നപ്പോൾ യൂ ട്യൂബിൽ കണ്ടതാണ് പേപ്പർശില്പ നിർമ്മാണം. അതുപോലെ തെർമോകോളും ലോട്ടറി ടിക്കറ്റുകളും പേപ്പറും ചേർത്ത് നാല് വീടുകൾ നിർമ്മിച്ചു. കാലിക്കുപ്പികളിൽ പെയിന്റടിച്ചും കോഴിമുട്ടത്തോട് ക്രമത്തിൽ ഒട്ടിച്ചുചേർത്തും അലങ്കാര കൗതുകങ്ങളാക്കി. പൂക്കളും ഇലകളും ശലഭങ്ങളുമൊക്കെ പേപ്പറിൽ നിർമ്മിച്ചു. എല്ലാം വലത് കൈ കൊണ്ട് തന്നെ.

ഇനി കോളേജ് തുറക്കുംവരെ എങ്ങനെ സമയം പോക്കുമെന്ന ചിന്തയില്ല. സമയം തികയുന്നില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. നന്നായി കവിതയെഴുതുന്ന സനിൽ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുമ്പോൾ വലിയ സ്വീകാര്യത കിട്ടാറുണ്ട്. ചിലതൊക്കെ ആനുകാലികങ്ങളിലും അച്ചടിച്ചുവരും. വൈകല്യത്തോട് പോരാടാൻ ഉറച്ച സനിൽ ഇടയ്ക്ക് ഭാഗവത പാരായണത്തിന് പോകും. കാറോടിക്കും. വാഹനങ്ങളുടെ ടയർ വർക്ക് ഷോപ്പ് നടത്തുന്ന അച്ഛനും തയ്യൽക്കാരിയായ അമ്മയും സനിലിന് പ്രോത്സാഹനവുമായി കൂടെയുണ്ട്.