തീരത്ത് വില താഴ്ത്തി; കരയിലിപ്പോഴും കൊള്ളവില

Saturday 16 May 2020 12:47 AM IST
തീരത്ത് വില താഴ്ത്തി; കരയിലിപ്പോഴും കൊള്ളവില

കൊല്ലം: ഹാർബറുകളിൽ മത്സ്യത്തിന്റെ വില കുറഞ്ഞിട്ടും ചന്തകളിലും വാഹനങ്ങളിലെ കച്ചവടക്കാരിലും കൊള്ളവില തുടരുന്നു. തങ്ങൾക്ക് മുതലാകുന്നില്ലെന്ന കച്ചവടക്കാരുടെ പരാതിയെ തുടർന്ന് ഇന്നലെ ഹാർബർ മാനേജ്മെന്റ് കമ്മിറ്റി ചേർന്ന് കൊല്ലം തീരത്തെ മത്സ്യവില താഴ്ത്തി. ഇത് വിപണിയിൽ പ്രതിഫലിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

ലോക്ക് ഡൗണിൽ ഇളവ് വന്നതോടെ അന്യസംസ്ഥാനങ്ങളിൽ നിന്ന് വീണ്ടും വലിയ അളവിൽ മത്സ്യം എത്തിത്തുടങ്ങിയിട്ടുണ്ട്. ചന്തകളും വഴിയോരങ്ങളും കേന്ദ്രീകരിച്ചാണ് അന്യസംസ്ഥാന മത്സ്യത്തിന്റെ കച്ചവടം. ഇങ്ങനെ എത്തുന്ന മത്സ്യത്തിന് കൊല്ലം തീരത്തേക്കാൾ വില കുറവാണ്. അതുകൊണ്ട് പച്ചമത്സ്യം വിൽക്കുന്ന തങ്ങൾക്ക് പിടിച്ചുനിൽക്കാനാകുന്നില്ലെന്ന കച്ചവടക്കാരുടെ പരാതി പരിഹരിക്കാനാണ് ഇന്നലെ കൊല്ലം തീരത്ത് വില കുറച്ചത്.

എന്നാൽ പൊതുജനങ്ങൾക്ക് എത്രത്തോളം ഈ വിലക്കുറവിന്റെ നേട്ടം ലഭിക്കുമെന്ന കാര്യത്തിൽ സംശയമുണ്ട്. ഭൂരിഭാഗം കച്ചവടക്കാരും തീരത്ത് നിന്ന് വാങ്ങുന്നതിന്റെ മൂന്നിരട്ടി വിലയ്ക്കാണ് മത്സ്യം വിൽക്കുന്നത്.

തീരത്ത് മത്സ്യ വില നിശ്ചയിക്കുന്നത് പോലെ കച്ചവടക്കാർ ഉപഭോക്താക്കൾക്ക് വിൽക്കുന്ന വിലയും നിശ്ചയിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. പക്ഷെ അധികൃതർ അതിന് തയ്യാറാകുന്നില്ല. പൊതുവിപണിയിൽ വിലക്കയറ്റം തടയാൻ പരിശോധനകൾ നടത്തുന്ന പൊതുവിതരണ വകുപ്പാകട്ടെ മത്സ്യക്കച്ചവടത്തിലെ കൊള്ള തടയാൻ തയ്യാറാകുന്നില്ല.

ഇനം പുതുക്കിയ വില, പഴയ വില

ചാള 180 200

ചൂര 230 250

കരിച്ചാള 90 120

ചൂട 70 100