നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുത്ത് ഭായിമാർ

Saturday 16 May 2020 12:53 AM IST
നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുത്ത് ഭായിമാർ

കൊല്ലം: കൊവിഡ് ദുരിതകാലത്ത് കൊല്ലത്ത് നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നത് 9269 അന്യസംസ്ഥാന തൊഴിലാളികൾ. ജില്ലയിൽ ആകെയുള്ള 19, 669 തൊഴിലാളികളിൽ പകുതിയിലേറെപ്പേരും നാട്ടിലേക്ക് മടങ്ങിയാൽ നി‌ർമ്മാണ - വ്യവസായ മേഖലകളെ പ്രതികൂലമായി ബാധിച്ചേക്കാം. നാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹത്തോടെ ജില്ലാ ഭരണകൂടത്തോടെ സമീപിച്ചവരിൽ ഏറെയും പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളികളാണ്. കഴിഞ്ഞ ആഴ്ച കൊല്ലത്ത് നിന്ന് വടക്കൻ സംസ്ഥാനങ്ങളിലേക്ക് പ്രത്യേക ട്രെയിൻ ഉണ്ടാകുമെന്ന് അവസാനനിമിഷം വരെ പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. തൊഴിൽ ഇല്ലാതെ വരുമാനം നിലച്ചതും കൊവിഡ് ഭീഷണിയുമാണ് നാട്ടിലേക്ക് മടങ്ങാൻ തൊഴിലാളികളെ പ്രേരിപ്പിക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെല്ലാം പൊലീസ് നിരീക്ഷണം തുടരുകയാണ്.

 പശ്ചിമ ബംഗാളിലേക്ക് പ്രത്യേക ബസ്

തൊഴിലാളികളുമായി ഇന്നോ നാളെയോ കൊല്ലത്ത് നിന്ന് പ്രത്യേക ബസ് പശ്ചിമബംഗാളിലേക്ക് തിരിച്ചേക്കും. പശ്ചിമബംഗാളും കൊല്ലം ജില്ലാ ഭരണകൂടവും ബസ് യാത്രയ്ക്ക് അനുമതി നൽകി. ടൂറിസ്റ്റ് ബസിൽ 25 തൊഴിലാളികളാകും നാട്ടിലേക്ക് തിരിക്കുക. പതിനായിരത്തിലേറെ രൂപയാണ് ഒരു തൊഴിലാളി ബസ് കൂലിയായി നൽകുന്നത്. പ്രത്യേക ട്രെയിനിന്റെ അനിശ്ചിതത്വമാണ് ബസ് യാത്രയ്ക്ക് തൊഴിലാളികളെ പ്രേരിപ്പിച്ചത്.

പ്രത്യേക ട്രെയിൻ അടുത്ത ആഴ്ചയോടെ

അടുത്ത ആഴ്ചയിൽ കൊല്ലത്ത് നിന്ന് പശ്ചിമ ബംഗാളിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ 1400 ലേറെ തൊഴിലാളികളെ കുറഞ്ഞ യാത്രക്കൂലിയിൽ ഒരേസമയം നാട്ടിലേക്ക് വിടാനാകും.

 മടങ്ങണമെന്ന ആഗ്രഹം മാറുന്നു

ലോക്ക് ഡൗണിന്റെ ദുരിത സമയത്ത് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച തൊഴിലാളികളിൽ പലരും ഇപ്പോൾ ഇവിടെ നിന്നാൽ മതിയെന്ന ആഗ്രഹത്തിലാണ്. തൊഴിൽശാലകൾ സജീവമായപ്പോൾ തൊഴിലും വരുമാനവും ലഭിച്ച് തുടങ്ങിയതാണ് മനസ് മാറ്റത്തിന് കാരണം. കേരളത്തിന്റെ കരുതലും കൊവിഡ് പ്രതിരോധ മാതൃകയും തൊഴിലാളികൾക്ക് നൽകുന്ന ആത്മവിശ്വാസവും ചെറുതല്ല.

 മടങ്ങി പോകാൻ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ എണ്ണം (സംസ്ഥാനം തിരിച്ച് )

1. പശ്ചിമ ബംഗാൾ: 6570

2. ആസാം: 1398

3. ബീഹാർ: 337

4. ജാർഖണ്ഡ്: 177

5. ഒഡീഷ: 313

6. ഉത്തർപ്രദേശ്: 113

7. തമിഴ്നാട്: 220

8. ആന്ധ്രാപ്രദേശ്: 25

9.നാഗാലാന്റ്: 15

10.രാജസ്ഥാൻ: 18

11. മദ്ധ്യപ്രദേശ്: 4

12. ഛത്തീസ്ഗഢ്: 35

13. മഹാരാഷ്ട്ര: 6

14. സിക്കിം: 3

15. ഡൽഹി: 5

16.മണിപ്പൂർ: 8

17.നേപ്പാൾ: 4

18. ഉത്തരാഖണ്ഡ്: 8

19.ത്രിപുര: 1

20.കർണ്ണാടക: 4

21. ഹിമാചൽപ്രദേശ്: 3

22. പഞ്ചാബ്: 1

23.ഹരിയാന 1

............................................................

9269 തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹം അറിയിച്ചത്. ഇവരെ മടക്കി അയയ്ക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്.

എ.ബിന്ദു, ജില്ലാ ലേബർ ഓഫീസർ