കൊവിഡ്: താഴെത്തട്ടിൽ ജാഗ്രതശക്തമാക്കണമെന്ന് സി.പി.എം

Saturday 16 May 2020 12:02 AM IST

തിരുവനന്തപുരം : അന്യസംസ്ഥാനത്തും വിദേശത്തും നിന്നുള്ളവരുടെ വരവോടെ കൊവിഡ് വ്യാപന തോത് വീണ്ടും കൂടിയ സാഹചര്യത്തിൽ അടിത്തട്ടിൽ ജാഗ്രത ശക്തിപ്പെടുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. നാട്ടുകാരെയും സന്നദ്ധപ്രവർത്തകരെയും പങ്കാളികളാക്കിക്കൊണ്ട് താഴെത്തട്ടിൽ നിരീക്ഷണവും ജാഗ്രതയും ശക്തമാക്കാനും സർക്കാരിനോട് നിർദ്ദേശിച്ചു.

കൊവിഡ് സമൂഹവ്യാപന സാദ്ധ്യത സംസ്ഥാനത്ത് ഇനിയും തള്ളിക്കളയാറായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും യോഗത്തിൽ പറഞ്ഞു.

മാസങ്ങളായി വിശ്രമമില്ലാതെ സേവനപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന സന്നദ്ധപ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കും വിശ്രമമനുവദിക്കേണ്ടി വരുമെന്നതിനാൽ രണ്ടാം സെറ്റ് സന്നദ്ധസേനയെ സജ്ജമാക്കി നിറുത്താനും സർക്കാർ മുൻകൈയെടുക്കണം. സമൂഹ അടുക്കളയും മറ്റു സന്നദ്ധപ്രവർത്തനങ്ങളും തൃപ്തികരമാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.