ക്യൂവില്ലാതെ മദ്യം വാങ്ങാൻ 'ബെവ്കോ ആപ്പ് ' രണ്ട് ദിവസത്തിനകം ട്രയൽ
തിരുവനന്തപുരം: മദ്യം വാങ്ങാനുള്ള തിരക്ക് കുറയ്ക്കുന്നതിനും സാമൂഹ്യ അകലം പാലിക്കുന്നതിനുമായി വികസിപ്പിച്ച
'ബെവ്കോ' ആപ്പിന്റെ ട്രയൽ രണ്ടു ദിവസത്തിനകം നടക്കും. ബിവറേജിൽ നിന്ന് മദ്യം വാങ്ങാൻ ആപ്പിലൂടെ ടോക്കൺ നൽകും. ടോക്കണിൽ പറഞ്ഞിരിക്കുന്ന സമയത്ത് ചെന്നാൽ മദ്യം ലഭിക്കും. അതേസമയം ഒരിക്കൽ വാങ്ങിയാൽ പിന്നീട് 5 ദിവസം കഴിഞ്ഞേ മദ്യം ലഭിക്കൂയെന്നാണ് അറിയുന്നത്. കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പ് കമ്പനിയാണ് ആപ്പ് വികസിപ്പിച്ചത്. കമ്പനിയുടെ സാങ്കേതിക വിദഗ്ദ്ധരടങ്ങുന്ന സംഘം ഇന്നലെ ബെവ്കോ എം.ഡി സ്‌പർജൻ കുമാറുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ആപ്പിന്റെ ഡെമോ ഇവർ അവതരിപ്പിച്ചിരുന്നു. ആപ്പ് ഇല്ലാത്തവർക്ക് എസ്.എം.എസ് രീതിയിലൂടെയും ടോക്കൺ ലഭിക്കും.
സ്‌മാർട്ട് ഫോൺ ആപ്പ്
പ്ളേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ നിന്ന് ഡൗൺലോഡ് ചെയ്യാം
മൊബൈൽ നമ്പർ നൽകി രജിസ്‌റ്റർ ചെയ്യണം
ഉപഭോക്താവിന് ഔട്ട്‌ലെറ്റ് തിരഞ്ഞെടുക്കാം
തുടർന്ന് ഔട്ട്ലെറ്റിൽ വരേണ്ട സമയവും ബാർകോഡും ലഭിക്കും
ഔട്ട്‌ലെറ്റിലെത്തി ബാർ കോഡ് സ്‌കാൻ ചെയ്ത ശേഷം പണം നൽകി മദ്യം വാങ്ങാം
എസ്.എം.എസ് രീതി
ബെവ്കോ ഏർപ്പെടുത്തുന്ന നമ്പരിലേക്ക് പിൻകോഡ് എസ്.എം.എസ് ചെയ്യണം
തുടർന്ന് ക്യൂ നമ്പരും സമയവും എത്തേണ്ട ഔട്ട്‌ലെറ്റും ബെവ്കോ മെസേജായി അയയ്ക്കും
പറഞ്ഞിരിക്കുന്ന സമയം കഴിഞ്ഞാൽ പിന്നെ മദ്യം ലഭിക്കില്ല