സാമൂഹ്യ അസമത്വത്തിനെതിരെ പോരാട്ടം ശക്തമാക്കും : തുഷാർ വെള്ളാപ്പള്ളി

Saturday 16 May 2020 1:37 AM IST
അരുവിപ്പുറം പ്ളാവിന്‍ ചുവട്ടില്‍ നടന്ന പുഷ്പാര്‍ച്ചനക്കും പ്രാര്‍ത്ഥനാ ചടങ്ങിനും നെയ്യാറ്റിന്‍കര യൂണിയന്‍ സെക്രട്ടറി ആവണി ബി ശ്രീകണ്ഠന്‍ ഭദ്രദീപം പകരുന്നു.യൂണിയന്‍ വൈസ്പ്രസിഡന്‍റ് കിരണ്‍ ചന്ദ്രന്‍,യോഗം ഡയറക്ടര്‍ ബോര്‍ഡംഗം അഡ്വ.എസ്.കെ അശോക് കുമാര്‍,വൈ.എസ് കുമാര്‍ എന്നിവര്‍ സമീപം

നെയ്യാറ്റിൻകര: സാമൂഹിക അസമത്വത്തിനും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനുമെതിരെ ശക്തമായ പോരാട്ടങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം നേതൃത്വം നൽകുമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം രൂപീകരിക്കപ്പെട്ട അരുവിപ്പുറത്തെ പ്ലാവിൻ ചുവട്ടിൽ യോഗത്തിന്റെ 117ാമത് ജന്മദിനത്തോടനുബന്ധിച്ച് നടന്ന പുഷ്പാർച്ചനയും പ്രാർത്ഥനയും വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു തുഷാർ.

അവകാശങ്ങൾക്കായി നിരന്തരം പോരാടിയിട്ടും കേരളത്തിലെ സാമൂഹിക അസന്തുലിതാവസ്ഥയ്ക്ക് മാറ്റമില്ല. വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ഉൾപ്പെടെ ഈ അവസ്ഥ കടുത്ത ഭീഷണി ഉയർത്തുന്നു. സാമൂഹിക നീതിക്കായി സന്ധിയില്ലാത്ത പോരാട്ടങ്ങൾ തുടരും.

ലഹരി ഉപയോഗത്തിനെതിരെ യുവാക്കൾക്കായി കർമ്മപദ്ധതിക്ക് രൂപം നൽകും. ഗുരുദേവ ദർശനം ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് മുഴുവൻ ശ്രീനാരായണീയ പ്രസ്ഥാനങ്ങളെയും ഏകോപിപ്പിച്ചുള്ള നയരൂപീകരണം നടത്തും.

വരുംകാലത്തെ ഭക്ഷ്യദൗർലഭ്യം മുന്നിൽക്കണ്ട് സമുദായാംഗങ്ങൾ പച്ചക്കറികളും പഴവർഗങ്ങളും കൃഷി ചെയ്യണം. കാർഷിക ഉത്പന്നങ്ങൾ സംഭരിക്കാനും വിപണനം നടത്താനും യോഗം സംവിധാനമൊരുക്കുമെന്നും തുഷാർ പറഞ്ഞു.

യോഗം നെയ്യാറ്റിൻകര യൂണിയന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ ഭദ്രദീപം പകർന്നു. യൂണിയൻ വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ, യോഗം ഡയറക്ടർ ബോർഡംഗം എസ്.കെ. അശോക് കുമാർ, എസ്.എൻ ട്രസ്റ്റ് ബോർഡംഗം വൈ.എസ്. കുമാർ, യൂണിയൻ കൗൺസിലർമാരായ കെ. ഉദയകുമാർ, എസ്.എൽ. ബിനു, ഓഫീസ് സെക്രട്ടറി ഷിബു കുമാർ, മഠം ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

കാപ്ഷൻ

എസ്.എൻ.ഡി.പി യോഗം രൂപീകൃതമായ അരുവിപ്പുറം പ്ലാവിൻ ചുവട്ടിൽ നടന്ന പുഷ്പാർച്ചനയ്ക്കും പ്രാർത്ഥനയ്ക്കും യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ബി ശ്രീകണ്ഠൻ ഭദ്രദീപം പകരുന്നു. കിരൺ ചന്ദ്രൻ, അഡ്വ.എസ്.കെ. അശോക്‌കുമാർ, വൈ.എസ്. കുമാർ എന്നിവർ സമീപം.