നഴ്സുമാരെ തിരിച്ചെത്തിക്കാൻ ഇടപെടുമെന്ന് മുഖ്യമന്ത്രി

Saturday 16 May 2020 1:39 AM IST

തിരുവനന്തപുരം: ഇസ്രായേലിൽ വിസാ കാലാവധി തീർന്ന 82 മലയാളി നഴ്സുമാരെ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാരുമായി ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തടി ലേലത്തിനെടുത്തവർക്ക് ലോക്ക് ഡൗൺ കാരണം എടുത്തുമാറ്റാൻ കഴിയാത്തതിനാൽ തറവാടകയും പലിശയും ഒഴിവാക്കണമെന്ന ആവശ്യം പരിശോധിച്ച് തീരുമാനിക്കും. വയനാട്ടിൽ ഇന്ന് നടത്താനിരുന്ന തടിലേലം മാറ്റിവയ്ക്കും.

മത്സ്യ പരിശോധനയ്ക്കിടയിൽ കൈക്കൂലി വാങ്ങിയെന്ന പരാതി വിജിലൻസിനെ ഏല്പിച്ചു. ഈ ദുരിതകാലത്തും ഇത്തരത്തിൽ പ്രവ‌ർത്തിക്കുന്നവർക്കെതിരെ ഉചിതമായ ശിക്ഷാ നടപടിയുണ്ടാകും.

ആരോഗ്യ പ്രവർത്തകർക്കും പൊലീസുകാർക്കും രോഗം പടരുന്നത് ഗൗരവമുള്ള കാര്യമാണ്. അവരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ പരിഗണന നൽകും. ആശുപത്രികളിലെ ഒ.പികളിൽ ആൾത്തിരക്ക് വർദ്ധിച്ചതിനാൽ ഓൺലൈൻ സംവിധാനത്തിലൂടെ ഇത് ക്രമപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കും.

സംസ്ഥാനത്തെ ജലഗതാഗതം പൊതുഗതാഗത സംവിധാനം തുറന്നാൽ മാത്രമേ പുനരാരംഭിക്കൂവെന്നും മുഖ്യമന്ത്രി അറിയിച്ചു