സ്പെഷ്യൽ ട്രെയിൻ അനുവദിക്കാൻ കത്ത് നൽകിയെന്ന് സംസ്ഥാനം

Saturday 16 May 2020 1:40 AM IST

 വിമാന സർവീസ് പറ്റില്ലെന്ന് കേന്ദ്രം

കൊച്ചി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുടുങ്ങിയ നഴ്സുമാരടക്കമുള്ള മലയാളികളെ നാട്ടിലെത്തിക്കാൻ സ്പെഷ്യൽ ട്രെയിൻ അനുവദിക്കണമെന്നും ഇതിനായി കരുതൽ തുക (കോഷൻ ഡിപ്പോസിറ്റ്) നൽകാൻ തയ്യാറാണെന്നും വ്യക്തമാക്കി മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന് കത്തയച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കുടുങ്ങിയ നഴ്സുമാർ, വിദ്യാർത്ഥികൾ തുടങ്ങിയവരെ നാട്ടിലെത്തിക്കാൻ സ്പെഷ്യൽ ട്രെയിനുകളും വിമാന സർവീസുകളും വേണമെന്നാവശ്യപ്പെട്ട് ഡൽഹി എയിംസിൽ നഴ്സായ സ്റ്റെഫി കെ. ജോസ് ഉൾപ്പെടെ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്.

സ്പെഷ്യൽ ട്രെയിൻ പരിഗണിക്കാമെന്നും ആഭ്യന്തര വിമാന സർവീസ് അനുവദിക്കാനാവില്ലെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ വിശദീകരിച്ചു.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് മേയ് 18 ന് കൂടുതൽ ഇളവുകൾ വരുമെന്നതിനാൽ ഇതിനു ശേഷം ഇക്കാര്യം പരിഗണിച്ചേക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഹർജി മേയ് 19 ന് തുടർ നടപടികൾക്കായി മാറ്റി.