അക്തർ ഭാജിയെ തല്ലാൻ പോയ കഥ
ഇസ്ലാമാബാദ്: കളത്തിലുണ്ടായ വാക്കേറ്റത്തിന്റെ കലിതീർക്കാൻ ഇന്ത്യൻ താരം ഹർഭജൻ സിംഗിനെ തല്ലാൻ ഹോട്ടൽ മുറിയിൽ പോയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് പാകിസ്ഥാൻ താരം ഷൊയ്ബ് അക്തർ. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് അക്തർ ഇക്കാര്യം വെളിപ്പെടുത്തിയത്.
2010 മാർച്ചിൽ നടന്ന ഏഷ്യാകപ്പിൽ ധാംബുള്ളയിലെ മത്സരത്തിനിടെയായിരുന്നു സംഭവം. പാകിസ്ഥാൻ ഉയർത്തിയ 268 റൺസ് വിജയലക്ഷ്യം പിന്തുടരുകയായിരുന്നു ഇന്ത്യ. 47-ാം ഓവറിൽ അക്തറിനെ ഹർഭജൻ സിക്‌സറടിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പോര് തുടങ്ങുന്നത്. ഭാജിക്കെതിരേ ബൗൺസറുകൾ എറിഞ്ഞ അക്തർ വാക്കുകൾ കൊണ്ടും ഏറ്റുമുട്ടി. ഭാജിയും വിട്ടുകൊടുത്തില്ല. 49-ാം ഓവറിലും ഇത് തുടർന്നു. ഒടുവിൽ രണ്ട് പന്തിൽ ജയിക്കാൻ മൂന്നു റൺസ് വേണമെന്നിരിക്കെ സിക്‌സറടിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ച ശേഷം ഹർഭജന്‍ അക്തറിനെ നോക്കി അലറുകയായിരുന്നു.
ഈ സംഭവത്തിനു പിന്നാലെ ഭാജിയെ തല്ലാൻ താൻ ഹോട്ടലിലേക്ക് പോയിരുന്നെന്നാണ് അക്തറിന്റെ വെളിപ്പെടുത്തൽ. ''അന്ന് ഹർഭജനെ നോക്കി ഞാൻ ഹോട്ടൽ റൂമിലേക്ക് പോയി. തല്ലാൻ വേണ്ടിയായിരുന്നു അത്. ഞങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ച്, ലാഹോറിൽ ഞങ്ങൾക്കൊപ്പം കറങ്ങി, ഞങ്ങളുടേതിന് സമാനമായ സംസ്‌കാരമുള്ള, പഞ്ചാബി സഹോദരന് എങ്ങനെ ഞങ്ങളോട് മര്യാദയില്ലാതെ പെരുമാറാൻ സാധിക്കുന്നുവെന്ന് ഞാൻ കരുതി. ഹോട്ടൽ റൂമില്‍ ചെന്ന് ഹർഭജനെ തല്ലണം എന്നുറപ്പിച്ചാണ് പോയത്. ഞാൻ വരുന്നുണ്ടെന്ന് അവന് അറിയാമായിരുന്നു. എനിക്ക് അവനെ കണ്ടുപിടിക്കാൻ സാധിച്ചില്ല. അടുത്തദിവസമായതോടെ ഞാൻ അടങ്ങി. ഹർഭജന്‍ വന്ന് ക്ഷമ ചോദിക്കുകയും ചെയ്തു''- അക്തര്‍ പറഞ്ഞു.
മുറിയില്‍ വന്ന് തല്ലുമെന്ന് അക്തർ അന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഹർഭജനും മുമ്പ് പറഞ്ഞിട്ടുണ്ട്.