ഇടുക്കിയിൽ പ്രശസ്ത സിനിമാ നടിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 680 ഏക്കർ തോട്ടത്തിൽ അവകാശതർക്കം, ആറംഗ സംഘം കസ്റ്റഡിയിൽ

Sunday 17 May 2020 2:12 PM IST

ഇടുക്കി : ശാന്തൻപാറയിൽ എസ്റ്റേറ്റിനെച്ചൊല്ലിയുള്ള അവകാശതർക്കം സംഘർഷത്തിൽ കലാശിച്ചു. ഉടമസ്ഥാവകാശത്തെചൊല്ലി തർക്കം നിലനിന്ന എസ്റ്റേറ്റ് പിടിച്ചെടുക്കാനെത്തിയ തൃശൂർ സ്വദേശിയായ ഉടമയുൾപ്പെടെ ആറുപേരെ ശാന്തൻപാറ പൊലീസ് കരുതൽ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുത്തു.ശാന്തൻപാറയിലെ കെ.ആർ.വി എസ്റ്റേറ്റിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഘർഷത്തിൽ രണ്ട് സുരക്ഷാ ജീവനക്കാർക്ക് നിസാര പരിക്കേറ്റു.സംഘത്തിന്റെ പക്കൽ നിന്ന് ഒരു തോക്കുൾപ്പെടെ ആയുധങ്ങൾ പിടിച്ചെടുത്തതായി സൂചനയുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല. പഴയകാല സിനിമാ നടി കെ.ആർ.വിജയയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കെ.ആർ.വി എസ്റ്റേറ്റ് ഗ്ലോറിയാ ഫാംസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

മുൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം ജോൺ ജോസഫിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന തോട്ടം പിന്നീട് കൈമാറിയിരുന്നു.680 ഏക്കർ വിസ്തൃതിയുള്ള തോട്ടവുമായി ബന്ധപ്പെട്ട് മുംബൈയിലെ സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് നിയമനടപടികൾ പുരോഗമിച്ചുവരികയാണ്.ഇതിനിടെയാണ് സ്ഥലം കൈവശപ്പെടുത്തുന്നതിനായി ശ്രമങ്ങൾ നടത്തിവന്ന ഒരുസംഘം സ്ഥലത്തെത്തി അക്രമം അഴിച്ചുവിട്ടത്.ഇന്നലെ രാത്രി പത്തരയോടെയാണ് ഒരു സംഘം ആളുകള്‍ എസ്റ്റേറ്റിലെത്തിയത്.സുരക്ഷാ ജീവനക്കാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.തോട്ടത്തിനുള്ളിൽ കടന്ന ഗുണ്ടാസംഘം തോക്കുകാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിയ്ക്കുകയായിരുന്നു.

ദുബായ് കേന്ദ്രമാക്കി പ്രവർത്തനം നടത്തുന്ന വ്യവസായിയും അയാളുടെ ഒപ്പമുണ്ടായിരുന്ന ക്വട്ടേഷൻ സംഘവുമാണ് പിടിയിലായതെന്നാണ് സൂചന.ഇവർ സഞ്ചരിച്ച ബെൻസ് കാറടക്കം പിടിച്ചെടുത്തിട്ടുണ്ട്. സ്ഥലത്ത് പൊലീസ് കാവലേർപ്പെടുത്തിയതായും സിവിൽ കേസായതിനാൽ എസ്റ്റേറ്റിന്റെ രേഖകളും മറ്റും പരിശോധിച്ചശേഷമേ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയൂവെന്ന് ശാന്തൻപാറ സി..ഐ വെളിപ്പെടുത്തി..