കൊവിഡ് ആശുപത്രിയായി മാറ്റിയ കാസർകോട് ജനറൽ ആശുപത്രി പൂർവസ്ഥിതിയിലേക്ക്

Sunday 17 May 2020 11:34 PM IST

കാസർകോട്: ജനറൽ ആശുപത്രിയിൽ ഇ.എൻ.ടി, ഒഫ്‌ത്താൽ മോളജി, ദന്തൽ എന്നിവ ഒഴികെയുള്ള സ്പെഷ്യാലിറ്റി ചികിത്സയും ഐ.പി വിഭാഗവും ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.വി രാംദാസ് അറിയിച്ചു.

കൊവിഡ്19 രോഗ നിർവ്യാപനത്തിനുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ആശുപത്രിയിൽ എത്തണം. അനാവശ്യ സന്ദർശനവും ആളുകൾ കൂട്ടംകൂടുന്നതും ഒഴിവാക്കണമെന്നും ഡി.എം.ഒ പറഞ്ഞു.

രണ്ടുമാസം മുമ്പാണ് കാസർകോട് ജനറൽ ആശുപത്രി കൊവിഡ് ആശുപത്രിയായി മാറ്റിയത്. കൊവിഡ് 19 രോഗ വ്യാപന സാധ്യത വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനറൽ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ജനത്തിരക്ക് നിയന്ത്രിക്കാൻ മുഴുവൻ ആളുകളും സഹകരിക്കണമെന്നും ഡി.എം.ഒ അഭ്യർത്ഥിച്ചു. കാഞ്ഞങ്ങാട്, കാസർകോട് മുൻസിപ്പാലിറ്റികൾ ഒഴിച്ചുള്ള പ്രദേശങ്ങളിലെ ജനങ്ങൾ സാധാരണ രോഗബാധയ്ക്കുള്ള ചികിത്സയ്ക്കായി അതത് പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കണമെന്നും ,വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളവർ മെഡിക്കൽ ഓഫീസർമാരുടെ ശുപാർശ പ്രകാരം മാത്രം ജില്ലാ, ജനറൽ ആശുപത്രികളിലേക്ക് ചികിത്സ തേടി പോകാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം അറിയിച്ചു